കോഴിക്കോട് രോഗം സ്ഥിരീകരിച്ച 64 പേരില്‍ 63 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് 432 പേര്‍ക്ക് രോഗം; ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി വര്‍ധിപ്പിച്ച് കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു. ഇന്ന് 432 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് രോഗം സ്ഥിരീകരിച്ച 64 പേരില്‍ 63 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 157 പേരില്‍ 137 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 72 പേരില്‍ 64 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.

കാസര്‍ഗോഡ് ജില്ലയിലെ 57 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 42 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 23 പേര്‍ക്കും, കോട്ടയം ജില്ലയിലെ 21 പേര്‍ക്കും, കൊല്ലം ജില്ലയിലെ 8 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 6 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 3 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 9 ഡി.എസ്.സി. ജവാന്‍മാര്‍ക്കും രോഗം ബാധിച്ചു, ഇന്ന് സംസ്ഥാനത്ത് 623 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 37 പേരുടെ ഉറവിടം വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 4880 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4636 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,601 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version