കൊവിഡ് മാനദണ്ഡം ലംഘിച്ച് സമരങ്ങള്‍ നടത്തരുത്; ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരങ്ങള്‍ നടത്തരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ജൂലൈ രണ്ടിലെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കി എന്ന് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതോടൊപ്പം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമരം നടത്തിയതിന് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അറിയിക്കണം.

ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം ആഹ്വാനം ചെയ്യുന്ന സമരങ്ങള്‍ കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടത്തുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version