കൊവിഡ് കാലത്തെ സമരങ്ങള്‍ക്കെതിരെ ഹൈക്കോടതി; സമരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കാന്‍ നിര്‍ദേശം

കൊച്ചി: കൊവിഡ് വ്യാപന സമയത്ത് നടക്കുന്ന സമരങ്ങള്‍ക്കെതിരെ ഹൈക്കോടതി. സമരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും, എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിശദീകരണം തേടി സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു.

എത്ര സമരങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സമരങ്ങളില്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടോ, ഇന്ധന വില വര്‍ധനവിന് എതിരെ 16ന് സിപിഎം നടത്തുന്ന സമരത്തില്‍ എന്ത് നടപടി സ്വീകരിച്ചു. തുടങ്ങിയ കാര്യങ്ങളിലുള്ള വിശദീകരണമാണ് ഹൈക്കോടതി തേടിയിരിക്കുന്നത്.

കൊവിഡ് കാലത്ത് നടക്കുന്ന സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. കൊവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്ന പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നാണ് മൂന്നുപേര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ല എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പലയിടത്തും സമരങ്ങളില്‍ സംഘര്‍ഷമുണ്ടാകുന്നു. സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടുന്നു. ഇത് രോഗവ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തുന്ന ഇത്തരം സമരങ്ങള്‍ നിരോധിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. നാളെ നിലപാട് വ്യക്തമാക്കണമെന്നാണ്് ഹൈക്കോടതി നിര്‍ദേശം.

Exit mobile version