ശബരിമലയില്‍ ഭക്തജനത്തിരക്ക് ഏറുന്നു; ഇന്ന് ഉച്ചവരെ മാത്രമെത്തിയത് 45000ല്‍ അധികം ഭക്തര്‍

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനത്തിരക്കേറി. ഇന്ന് ഉച്ചവരെ മാത്രം 45000 പേരാണ് പമ്പ വഴി മല ചവിട്ടിയത്. ഈ തീര്‍ത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. പമ്പയില്‍ നിന്ന് ആളുകളെ കയറ്റി വിട്ട ആദ്യ ഒരു മണിക്കൂറില്‍ മാത്രം പതിനാറായിരം പേര്‍ മലചവിട്ടി.

അതിനിടെ സന്നിധാനത്ത് വാവര്‍ നടയ്ക്ക് മുന്നില്‍ പേലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ മാറ്റണമെന്ന് ദേവസ്വം ബോര്‍ഡ് പോലീസിനോട് വീണ്ടും ആവശ്യപ്പെട്ടു.

ഇന്നലെ മൊത്തം നാല്‍പ്പത്തിനാലായിരം പേരാണ് മലചവിട്ടിയതെങ്കില്‍ ഇന്ന് ഉച്ചവരെ മാത്രം മല ചവിട്ടിയവരുടെ എണ്ണം ഇതിലധികം വരും. എന്നിരുന്നാലും ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ വലിയ കുറവ് തന്നെയാണ് നേരിടുന്നത്.വാവര്‍ നടയ്ക്ക് മുന്നിലെ നിയന്ത്രണമാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം വിരവയ്ക്കാന്‍ സ്ഥലം നല്‍കിയിരുന്ന ഇവിടെ ഇപ്പോള്‍ ബാരിക്കേഡുകള്‍ വച്ച് നിയന്ത്രിച്ചിരിക്കുകയാണ്.

അതിനാല്‍ തന്നെ മഹാകാണിക്കയിലേക്ക് വരുമാനം എത്തുന്നുമില്ല. വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കിയാല്‍ മാത്രമേ മഹാകാണിക്കയിലേക്ക് വരുമാനം വരൂ. എന്നാല്‍ തല്‍ക്കാലം ബാരിക്കേഡുകള്‍ മാറ്റാനാകില്ലെന്നാണ് നിലപാടിലാണ് പോലീസ്.

Exit mobile version