15 പേര്‍ക്ക് രോഗം, 12 പേര്‍ക്ക് രോഗമുക്തിയും; സമ്പര്‍ക്കത്തിലൂടെ രോഗം അഞ്ച് പേര്‍ക്കും; ആശ്വാസ ദിനത്തില്‍ എറണാകുളം

കൊച്ചി: കൊവിഡ് വ്യാപനം സംസ്ഥാനത്തെ വലയ്ക്കുമ്പോള്‍ എറണാകുളം ജില്ലയ്ക്ക് ഇന്ന് ആശ്വാസ ദിനമാണ്. ജില്ലയില്‍ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 12 പേര്‍ രോഗമുക്തി നേടിയതാണ് ആശ്വാസം നല്‍കുന്നത്. അതേസമയം, സമൂഹ വ്യാപനത്തിന്റെ വക്കില്‍ നില്‍ക്കുന്ന എറണാകുളത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ആശ്വാസത്തിന് വഴിവെച്ചിട്ടുണ്ട്.

ശനിയാഴ്ച 47 പേര്‍ക്കും ഞായറാഴ്ച 50 പേര്‍ക്കുമായിരുന്നു എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗം പകര്‍ന്നിരുന്നത്. അതില്‍ നിന്ന് കുറഞ്ഞ് 15 ആയത് ആശ്വാസം നല്‍കുന്നു. രോഗവ്യാപനം രൂക്ഷമായ ആലുവ, ചെല്ലാനം മേഖകളില്‍നിന്നുമാണ് ഇന്നും സമ്പര്‍ക്കരോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആലുവയുടെ സമീപപ്രദേശങ്ങളായ എടത്തല, ആലങ്ങാട് (2 പേര്‍), ചൂര്‍ണിക്കര എന്നിവിടങ്ങളില്‍ നിന്നും ചെല്ലാനത്ത് നിന്ന് ഒരാള്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ജില്ലയില്‍ ഇന്ന് 922 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുണ്ടായിരുന്ന 1015 പേരെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. വിവിധ ആശുപത്രികളിലായി 56 പേരെ നിരീക്ഷണത്തിലാക്കിയപ്പോള്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 22 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

Exit mobile version