‘സമൂഹ വ്യാപനം ഉണ്ടാക്കി ദുരന്തം വിതയ്ക്കാന്‍ യുഡിഎഫ് ഗൂഢാലോചന നടത്തുന്നു; വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനം ഉണ്ടാക്കി ദുരന്തം വിതയ്ക്കാന്‍ യുഡിഎഫ് രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്ന് ഡിവൈഎഫ്‌ഐ. ഇതിന്റെ ഭാഗമാണ് ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആസൂത്രിതമായ അക്രമ സമരങ്ങള്‍. പൂന്തുറയില്‍ ആസൂത്രിതമായ നുണ പ്രചരണങ്ങളിലൂടെ ആളുകളെ തെറ്റുധരിപ്പിച്ച് ഇളക്കിവിടുന്നതിന് നടന്ന ശ്രമവും ഈ ആസൂത്രണത്തിന്റെ ഭാഗമാണെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരെ തടയുന്നതിനും ബോധപൂര്‍വം പോലീസുമായി സംഘര്‍ഷം സൃഷ്ടിക്കുന്നതിനും ആസൂത്രിതമായ ശ്രമം നടക്കുന്നു. സ്ഥിതി രൂക്ഷമായ ഇത്തരം സ്ഥലങ്ങളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് പകരം ആള്‍ക്കൂട്ടത്തെ ഇളക്കി വിടാന്‍ ശ്രമിക്കുന്നത് യുഡിഎഫിന്റെ ദുഷ്ടമനസ്സാണ്. ദുരന്തം വിതച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ഡിവൈഎഫ്‌ഐ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് രോഗബാധ വര്‍ധിക്കുന്നത് അപകടകരമായ സാഹചര്യമാണ്. ഈ സന്ദര്‍ഭത്തില്‍ വളരെ ജാഗ്രതയോടെ സമൂഹമാകെ നിലയുറപ്പിക്കേണ്ട സന്ദര്‍ഭത്തില്‍ അക്രമ സമരങ്ങള്‍ നടത്തി സാമൂഹ്യ വ്യാപനത്തിനുള്ള ശ്രമം നടത്തുകയാണ് യുഡിഎഫ്. കഴിഞ്ഞ ദിവസമാണ് ഒരു ടെലിവിഷന്‍ ചാനലിന്റെ ചര്‍ച്ചയില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുമെന്നും, വരാനിരിക്കുന്ന ദുരന്തങ്ങളില്‍ തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും പ്രമുഖനായ കോണ്‍ഗ്രസ്സ് നേതാവ് വെളിപ്പെടുത്തിയത്.

കൊവിഡ് പ്രതിരോധത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ചേര്‍ന്ന കെപിസിസി യോഗത്തില്‍, കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനുണ്ടാകുന്ന മേല്‍ക്കൈയില്‍ ആശങ്ക രേഖപ്പെടുത്തിയത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ സഹകരിക്കുകയും ഗുണപരമായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളെ കെപിസിസി യോഗത്തില്‍ നിശിതമായി വിമര്‍ശിച്ചുവെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ വേണം ഇന്ന് നടന്ന ആസൂത്രിതമായ അക്രമ സമരങ്ങളെ നമ്മള്‍ കാണേണ്ടത്. ബിജെപിയും ഇന്ന് ഇതേ പാത പിന്തുടര്‍ന്നു.

നിത്യജീവന ഉപാധികള്‍ പോലും ഉപേക്ഷിച്ച് സാധാരണക്കാര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോട് സഹകരിച്ച് വീട്ടില്‍ ഇരിക്കുകയാണ്. ഓരോ പൗരന്മാരും ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും അവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം മാതൃകാപരമായി നിര്‍വഹിക്കുകയാണ്. അപ്പോഴാണ് ജനങ്ങളെയാകെ വെല്ലുവിളിച്ച് യുഡിഎഫ് അക്രമ സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും അതിവേഗം ജനജീവിതം പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. യുഡിഎഫ് ആകട്ടെ ക്രമസമാധാന പ്രശനം ഉണ്ടാക്കി സാമൂഹ്യ വ്യാപനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത് നീച രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ശവങ്ങള്‍ കാത്ത് റാകിപ്പറക്കുന്ന കഴുകന്റെ മാനസികാവസ്ഥയാണ് യുഡിഎഫ് നേതാക്കള്‍ക്ക്. ദുരന്തങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കാതെ നാടിന് നല്ലതെന്തെങ്കിലും ചെയ്യാന്‍ യുഡിഎഫ് തയ്യാറാകണം എന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് മാതൃകാപരമായ സമീപനമാണ്. എന്നാല്‍ സങ്കുചിത രാഷ്ട്രീയ താല്പര്യത്തിന്റെ ഭാഗമായി പുകമറ സൃഷ്ടിക്കുന്നതിനും കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളെ അട്ടിമറിച്ച് സാമൂഹ്യ വ്യാപനം ഉണ്ടാക്കുന്നതിനും യുഡിഎഫ് രാഷ്ട്രീയ ഗൂഡാലോചന നടത്തുകയാണ്. സ്വര്‍ണക്കടത്ത് സംബന്ധിച്ച് അന്വേഷണം യഥാവിധി നടക്കണമെന്ന് യുഡിഎഫ് ന് ഒരു താല്പര്യവുമില്ല. മറിച്ച് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ വിരുദ്ധ കലാപം നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇതിനെതിരെ പൊതുസമൂഹം പ്രതികരിക്കണം. ഈ നീച രാഷ്ട്രീയ നീക്കങ്ങളെ ഒറ്റപ്പെടുത്തണം. യുഡിഎഫ് ന് അധികാരമാണ് ലക്ഷ്യം, കേരളത്തിന് അതിജീവനമാണ് ലക്ഷ്യം. അതിജീവന ശ്രമങ്ങളെ അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ യുഡിഎഫ് നെ കൂടുതല്‍ ഒറ്റപെടുത്തുകയെ ഉള്ളുവെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

Exit mobile version