ലോക്ക് ഡൗണിന് മുന്‍പ് ബാങ്കില്‍ ജോലി, ഇപ്പോള്‍ മീന്‍ കച്ചവടം; ഇതൊന്നും വിഷമിപ്പിക്കുന്നില്ലെന്ന് ബിനു സാമുവല്‍, പോരാട്ടം വിധിയോട്

കുട്ടനാട്: ലോക്ക് ഡൗണിന് മുന്‍പ് ബാങ്കില്‍ ജോലി ചെയ്തിരുന്ന 37കാരനായ ബിനു സാമുവല്‍ ഇന്ന് മീന്‍ കച്ചവടത്തിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. ഈ ജോലിയൊന്നും ബിനുവിനെ വിഷമിപ്പിക്കുന്നില്ല. കാരണം ബിനുവിന്റെ പോരാട്ടം വിധിയോടാണ്. അന്നത്തിന് വഴി കണ്ടെത്തി കുടുംബം പോറ്റുക എന്ന ലക്ഷ്യമാണ് ബിനുവിന് ഉള്ളത്.

മൂത്തൂര്‍ മീനത്തേരില്‍ ബിനു സാമുവല്‍ 6 വര്‍ഷമായി പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ലോക്ഡൗണ്‍ ആയതോടെ സ്ഥാപനം ജീവനക്കാരെ കുറച്ചപ്പോള്‍ ബിനുവിനും ജോലി നഷ്ടപ്പെട്ടു. ശേഷം ഭാര്യയെയും രണ്ട് മക്കളെയും പോറ്റാന്‍ മീന്‍ കച്ചവടത്തിലേയ്ക്ക് തിരിയുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് മീന്‍ വില്‍പ്പന ആരംഭിച്ചത്. തുടക്കം മോശമായില്ല, 30 കിലോ മീന്‍ ഉണ്ടായിരുന്നത് 3 മണിക്കൂറു കൊണ്ട് വിറ്റ് തീര്‍ന്നു. പിടയ്ക്കുന്ന വാളയ്ക്കം കാരിക്കും വാളക്കൂരീക്കുമൊക്കെ വന്‍ ഡിമാന്‍ഡായിരുന്നുവെന്ന് ബിനു പറയുന്നു. പുലര്‍ച്ചെ 2ന് ചങ്ങനാശേരി ചന്തയില്‍ ചെന്നാണ് ബിനു മീന്‍ എടുത്തത്. കുട്ടനാട്ടില്‍ നിന്നു മത്സ്യത്തൊഴിലാളികള്‍ മീനുമായി ഇവിടെ വള്ളത്തിലെത്തുന്നുണ്ട്.

കടല്‍മത്സ്യങ്ങള്‍ വില്‍ക്കുന്നവര്‍ ഒട്ടേറെയുള്ളതിനാലാണ് പുഴ മത്സ്യത്തിലേക്ക് തിരിഞ്ഞത്. പിടയ്ക്കുന്ന മീന്‍ തന്നെ കൊടുക്കാനും കഴിയുമല്ലോ. ആദ്യദിവസം തന്നെ ന്യായമായ ലാഭം ലഭിച്ചു. ജോലി ചെയ്തപ്പോഴൊന്നും ഇത്രയും തുക ദിവസ വരുമാനമില്ലായിരുന്നു. വരും ദിവസങ്ങളില്‍ കച്ചവടം വിപലുപ്പെടുത്താനാണ് തീരുമാനമെന്നും ബിനു പറയുന്നു. പ്രതിസന്ധിയില്‍ തളരാതെ പോരാടുന്ന ബിനുവാണ് ഇന്ന് സോഷ്യല്‍മീഡിയയിലും താരം.

Exit mobile version