സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് കൊവിഡ്; പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

മലപ്പുറം: പൊന്നാനിയില്‍ സബ്ട്രഷറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. നേരത്തെ തിരൂരങ്ങാടി നഗരസഭ ഓഫീസും അടച്ചിരുന്നു. നഗരസഭ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നഗരസഭ ഓഫീസ് അടച്ചത്.

ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതെസമയം സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട് മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎം അബ്ദുള്‍ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടക ഹുബ്ലിയിലെ വ്യാപാരിയാണ് ഇദ്ദേഹം. കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ രണ്ടുദിവസം മുമ്പ് കാസര്‍കോട് വച്ചാണ് ഇദ്ദേഹം മരിച്ചത്.

അതെസമയം കേരളത്തില്‍ ആരുമായി ഇയാള്‍ക്ക് സമ്പര്‍ക്കമില്ലെന്നാണ് വിവരം. അബ്ദുള്‍ റഹ്മാന്‍ രോഗമുണ്ടായത് കര്‍ണാടകയില്‍ നിന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പിസിആര്‍ ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവായിരുന്നു. നേരത്തെ ഇദ്ദേഹത്തിന്റെ ട്രൂനാറ്റ് ഫലവും പോസിറ്റീവായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ പരിശോധിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പത്തനംതിട്ട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തു. എംഎസ്എഫ് നേതാവിന്റെ രോഗ ഉറവിടം കണ്ടെത്താത്തതാണ് കാരണം. കൂടാതെ കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകളില്‍ വേണ്ടി വന്നാല്‍ മുന്നറിയിപ്പില്ലാതെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

Exit mobile version