പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട്; ചാലക്കുടി പുഴയ്ക്ക് സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 418 മീറ്ററായതിനെ തുടര്‍ന്നാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍, ചാലക്കുടി പുഴയുടെ പരിസരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. പുഴയില്‍ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കളക്ടര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.

കൈവഴികളായ അയ്യമ്പുഴ, മഞ്ഞപ്ര,കറുകുറ്റി,പാറക്കടവ്, പുത്തന്‍വേലിക്കര, കുന്നുകര, കരുമാല്ലൂര്‍, നെടുമ്പാശ്ശേരി, ചേന്ദമംഗലം, ചെങ്ങമനാട്, വടക്കേക്കര, ചിറ്റാറ്റുക്കര, മൂത്തകുന്നം, നഗരസഭകളായ വടക്കന്‍ പറവൂര്‍, അങ്കമാലി എന്നിവിടങ്ങളിലും ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടര്‍ന്ന്, ജൂലൈ അഞ്ച് ഞായറാഴ്ച രാത്രി എട്ട് മണിക്കാണ് പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് 418 മീറ്ററായത്. ജലനിരപ്പുയര്‍ന്ന് 419.4 മീറ്ററായാല്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിക്കും. 419.4 മീറ്ററായാല്‍ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകിവിടും. 424 മീറ്ററാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി.

Exit mobile version