കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി; ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 14 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. നിരീക്ഷണ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1,78,099 ആയി.

ഇതില്‍ 1,75,111 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2988 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 403 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതെസമയം സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലയില്‍ 4 പേര്‍ക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് നിലവില്‍ 2088 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2638 പേര്‍ ഇതുവരെ കൊവിഡ് മുക്തരായി.

Exit mobile version