മലപ്പുറത്ത് സ്ഥിതി ഗുരുതരം; ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം താനൂര്‍ വില്ലേജ് ഓഫിസ് അടച്ചു

മലപ്പുറം; മലപ്പുറത്ത് സ്ഥിതി ഗുരുതരമാകുന്നു. ജീവനക്കാരന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച പശ്ചാത്തലത്തില്‍ മലപ്പുറം താനൂര്‍ വില്ലേജ് ഓഫിസ് അടച്ചു. താനൂര്‍ നഗരസഭ ഓഫിസില്‍ പൊതുജനസേവനങ്ങള്‍ ജൂലൈ 10 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ജില്ലയില്‍ ഇന്ന് നാല് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.

ജൂണ്‍ 22 ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശിയുടെ ഭാര്യ (37), മകന്‍ (രണ്ട് വയസ്), ചീരാന്‍ കടപ്പുറം സ്വദേശിയുമായി നേരിട്ട് ഇടപഴകിയ താനൂര്‍ വില്ലേജ് ഓഫീസ് ജീവനക്കാരന്‍ താനൂര്‍ സ്വദേശി (50), അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ മങ്കട നെച്ചിനിക്കോട് സ്വദേശി (39) എന്നിവര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും. ജില്ലയില്‍ ഇന്ന് 32 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജില്ലയില്‍ ആകെ ചികിത്സയിലുള്ളത് 244 പേരാണ്. കൊവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 23 പേര്‍ കൂടി ഇന്ന് (ജൂണ്‍ 30) രോഗമുക്തരായി. . ജില്ലയില്‍ ഇതുവരെ 517 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് (ജൂണ്‍ 30) 1,592 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി, 31,096 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 9,787 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 8,742 പേരുടെ ഫലം ലഭിച്ചു. 8,271 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,045 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിദഗ്ധ ചികിത്സക്കു ശേഷം 265 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. രോഗം ഭേദമായ രണ്ട് പേര്‍ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടര്‍നിരീക്ഷണത്തിലുണ്ട്.

Exit mobile version