കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തനം; സുല്‍ത്താന്‍ ബത്തേരിയിലെ യൂണിയന്‍ ബാങ്ക് അടപ്പിച്ച് കളക്ടര്‍ അദീല അബ്ദുള്ള

സുല്‍ത്താന്‍ ബത്തേരി; കൊവിഡ് 19 ഭീതി നിലനില്‍ക്കെ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി പ്രവര്‍ത്തിച്ച നഗരമധ്യത്തിലെ യൂണിയന്‍ ബാങ്ക് അടപ്പിച്ച് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള. സ്ഥാപനത്തില്‍ സാമൂഹിക അകലം പാലിക്കാതെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജൂണ്‍ 30ന് ബാങ്ക് തുറക്കരുതെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

സാമൂഹിക അകലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ബാങ്ക് തുറന്ന് പ്രവര്‍ത്തിച്ചാല്‍ മതിയെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ബത്തേരി തഹസില്‍ദാര്‍ ബാങ്ക് ശാഖ പരിശോധിച്ച് സ്ഥിതി വിലയിരുത്തും. റിപ്പോര്‍ട്ട് വൈകിട്ട് നാലിനകം സമര്‍പ്പിക്കണമെന്നാണ് കളക്ടറുടെ നിര്‍ദ്ദേശം. സാമൂഹിക അകലം പാലിച്ചില്ലെന്ന് ആരോപിച്ച് ബത്തേരിയിലെ മത്സ്യ-മാംസ മാര്‍ക്കറ്റ് കഴിഞ്ഞ മാസം കളക്ടര്‍ അടപ്പിച്ചിരുന്നു. പിന്നാലെയാണ് ബാങ്കിനെതിരെയും നടപടി കൈകൊണ്ടത്.

അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച ജില്ലയില്‍ 235 പേര്‍ കൂടി നിരീക്ഷണത്തിലായി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുളളവരുടെ എണ്ണം 3676 ആയി ഉയര്‍ന്നു. 45 പേര്‍ മാനന്തവാടി ജില്ല ആശുപത്രിയിലും 1707 പേര്‍ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.

Exit mobile version