കൊവിഡ് മുക്തി നേടിയ ശേഷം ചികിത്സയിലായിരുന്ന ഒരാള്‍ കൂടി കണ്ണൂരില്‍ മരിച്ചു

കണ്ണൂര്‍: കൊവിഡ് മുക്തി നേടി കണ്ണൂരില്‍ തുടര്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മാഹി സ്വദേശി ഭാസ്‌കരന്‍ (70) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം 12ന് ഭാസ്‌കരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയായിരുന്നു. ഇതിനിടെ രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് കണ്ണൂരില്‍ കൊവിഡ് നെഗറ്റീവായ ശേഷവും ചികിത്സയില്‍ തുടരുന്നയാള്‍ മരണപ്പെടുന്നത്.

നേരത്തെ പാപ്പിനിശ്ശേരി സ്വദേശിയായ കുഞ്ഞിരാമന്‍ എന്ന 81 കാരന്‍ സമാനമായി കൊവിഡ് മുക്തി നേടിയ ശേഷം മരണപ്പെട്ടിരുന്നു. കൊവിഡ് ചികിത്സയിലായിരുന്ന കുഞ്ഞിരാമന് ഇരുപതാം തീയതി നെഗറ്റീവ് ഫലം വന്നെങ്കിലും അബോധവസ്ഥയിലായതിനാല്‍ ചികിത്സയില്‍ തുടരുകയായിരുന്നു. കരള്‍ രോഗ ബാധിതനായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ജൂണ്‍ 27-ന് രാത്രിയോടെ ഇയാള്‍ മരണപ്പെട്ടു.

Exit mobile version