സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം; ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 14 പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. മലപ്പുറം ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ നാല് പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി, ഇവരുടെ രണ്ട് മക്കള്‍, ഭര്‍ത്താവ് എന്നിവര്‍ക്കാണ് കോട്ടയത്ത് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 15 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. അതെസമയം സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കണ്ണൂര്‍ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 26 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Exit mobile version