തൃശൂര്‍ ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ എന്ന പ്രചാരണം തെറ്റ്: ജില്ലാ കളക്ടര്‍

തൃശ്ശൂര്‍: തൃശൂര്‍ ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആണെന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ്. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ മാത്രമാണ് അത് പ്രകാരമുളള നിയന്ത്രണങ്ങളുളളതെന്നും കളക്ടര്‍ അറിയിച്ചു.

ഇത് കര്‍ശനമായി പാലിക്കാനാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുളളത്. ഇതുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു. മറ്റുളള സ്ഥലങ്ങളില്‍ നിലവില്‍ സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുളള നിയന്ത്രണങ്ങള്‍ മാത്രമാണ് ബാധകം. മറിച്ചുളള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. ജില്ലയില്‍ നിലവില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത കൈവിടരുതെന്നും കളക്ടര്‍ പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തൃശ്ശൂര്‍ നഗരം ഭാഗീകമായി അടച്ചിരുന്നു. കൂടുല്‍ കണ്ടൈന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചതോടെയാണ് തൃശൂര്‍ നഗരം ഭാഗികമായി അടച്ചത്. തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടുന്ന കൊക്കാല ഡിവിഷന്‍, സ്വരാജ് റൗണ്ട് ഉള്‍പ്പെടുന്ന തേക്കിന്‍കാട് ഡിവിഷന്‍ എന്നിവ കണ്ടൈന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

കൂടാതെ പാട്ടുരായ്ക്കല്‍ ചിയ്യാരം സൗത്ത്, പള്ളിക്കുളം ഒളരി എല്‍ത്തുരുത്ത് ഡിവിഷനുകള്‍ ഇന്നലെ കണ്ടൈന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. പ്രദേശങ്ങളില്‍ ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരില്‍ പോലീസ് പരിശോധന ശക്തമാക്കി.പ്രദേശത്ത് പോലീസ് റൂട്ട്മാര്‍ച്ച് നടത്തി. അവശ്യ വസ്തുക്കള്‍ വില്‍ക്കാനുള്ള കടകള്‍ തുറക്കാനനുമതിയുണ്ട്.

Exit mobile version