പാമ്പ് പിടുത്തത്തിന് ഇറങ്ങിയത് സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍, മരണം കവര്‍ന്നത് ഇളയകുട്ടി ജനിച്ച് 40 ദിവസം മാത്രം പിന്നിടുമ്പോള്‍; വേദനയില്‍ സക്കീറിനെ കുടുംബം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പാമ്പ് പിടിക്കുന്നതിന് ഇടയിലാണ് പാമ്പ് പിടുത്തക്കാരനായ സക്കീര്‍ ശാസ്തവട്ടം പാമ്പുകടിയേറ്റ് മരിച്ചത്. സക്കീര്‍ മരിച്ചതിന്റെ ഞെട്ടലിലാണ് കുടുംബവും കൂട്ടുകാരും. സക്കീറിന്റെ മരണത്തോടെ നിര്‍ദ്ധന കുടുംബത്തിന്റെ ഏക അത്താണിയാണ് നഷ്ടമായത്. ഇളയകുട്ടി ജനിച്ച് 40 ദിവസം പിന്നിടുമ്പോഴാണ് സക്കീറിന്റെ ദാരുണ മരണം.

നാവായിക്കുളം 28ആം മൈല്‍ കാഞ്ഞിരംവിളയില്‍ 5 വയസ്സുള്ള മൂര്‍ഖനെ പിടികൂടുന്നതിനിടയിലാണ് കടിയേറ്റത്. ഞായറാഴ്ച രാത്രിയേടെയായിരുന്നു അപകടം. മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍ സക്കീറിന്റെ കൈക്ക് കടിയേല്‍ക്കുകയായിരുന്നു. എന്നാല്‍ ഇത് കാര്യമാക്കാതെ ചുറ്റുംകൂടിയ നാട്ടുകാര്‍ക്ക് മുന്നില്‍ പാമ്പിനെ പ്രദര്‍ശിപ്പിക്കുന്നത് സക്കീര്‍ തുടര്‍ന്നു. തുടര്‍ന്ന് സുഹൃത്ത് മുകേഷിനെ വിളിച്ച് പാമ്പുകടിയേറ്റ വിവരം പറയുന്നതിനിടെയാണ് വായില്‍ നിന്ന് നുരയും പതയും വന്ന് തളര്‍ന്ന് വീണത്.

ഉടനെ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലൈറ്റ് ആന്റ് സൗണ്ട്‌സ് കടയില്‍ ജോലിചെയ്യുന്ന സക്കീര്‍ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനായാണ് പാമ്പ് പിടിത്തത്തിന് ഇറങ്ങാറ്. പതിനൊന്ന് വര്‍ഷമായി പാമ്പ് പിടുത്ത രംഗത്തുളള സക്കീറിന് മുന്‍പ് 12 തവണ പാമ്പുകടിയേറ്റിട്ടുണ്ട്.

Exit mobile version