ഒന്നരക്കോടി മുടക്കി സ്വര്‍ണ്ണ കൊടിമരം സ്ഥാപിച്ചു; ഒരാഴ്ചക്കുള്ളില്‍ ക്ലാവും പിടിച്ചും നിറവും മങ്ങി! കൊല്ലത്തെ ‘അമ്പലം വിഴുങ്ങികളെ’ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊടിമരത്തിന്റെ പറകളില്‍ നിന്ന് വിജിലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു.

കുന്നത്തൂര്‍: ഒന്നരക്കോടി ചിലവഴിച്ച് ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സ്ഥാപിച്ച സ്വര്‍ണ്ണ കൊടിമരം ദിവസങ്ങള്‍ക്കുള്ളില്‍ നിറം മങ്ങി, ക്ലാവും പിടിച്ചു. സംഭവത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് സാമ്പിള്‍ പരിശോധന തേടുന്നതിനാണ് കോടതിയെ സമീപിച്ചത്. ഇതോടെ പരിശോധന നടത്തുവാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊടിമരത്തിന്റെ പറകളില്‍ നിന്ന് വിജിലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു. പറകള്‍ ഉള്‍പ്പെടെയുള്ള കൊടിമരത്തിന്റെ എല്ലാ ഭാഗങ്ങളും താഴെ ഇറക്കി ഇതില്‍ നിന്ന് ഏഴു സാമ്പിളുകളാണ് ശേഖരിച്ചത്. ഇവ തിരുവനന്തപുരം വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുകയും ഇവിടെ നിന്ന് പരിശോധനയ്ക്ക് ഹൈക്കോടതി ചുമതലപ്പെടുത്തിയ വിക്രം സാരാഭായി സ്പേസ് സെന്ററിന് കൈ മാറുകയും ചെയ്യും.

ഡല്‍ഹിയിലോ ബംഗളൂരുവിലോ എത്തിച്ചാകും വിദഗ്ദ്ധ പരിശോധനയെന്നാണ് വിവരം. ഇളക്കിയെടുത്ത കൊടിമരത്തിന്റെ ഭാഗങ്ങള്‍ ഹരിപ്പാട് ദേവസ്വം സ്ട്രോങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. കൊടിമരം ഇളക്കുന്നതിന് മുമ്പായി ദേവപ്രശ്‌നം നടത്തി ദേവഹിതം തേടിയിരുന്നു. ഒരു കോടി 65 ലക്ഷം രൂപ ചെലവില്‍ 2013 ഫെബ്രുവരി അവസാനമാണ് സ്വര്‍ണ്ണ കൊടിമരം സ്ഥാപിച്ചത്. ആറര കിലോ സ്വര്‍ണ്ണമാണ് ഇതിനായി വേണ്ടിവന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊടിമരം ക്ലാവ് പിടിക്കുകയും നിറം മങ്ങുകയും ചെയ്തു.

തുടര്‍ന്ന് കൊടിമര നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭക്തജന സമിതി സെക്രട്ടറി മനക്കര ആലയില്‍ കിഴക്കതില്‍ മണികണ്ഠന്‍ േെപാലീസിനെയും കോടതിയെയും സമീപിക്കുകയായിരുന്നു. 2013 ല്‍ തന്നെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ലീഗല്‍ മെട്രോളജി വകുപ്പ്, ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം,ഫോറന്‍സിക് വകുപ്പ് എന്നിവ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതി വിജിലന്‍സിന് അന്വേഷണം കൈമാറിയത്.

Exit mobile version