തെളിവുകള്‍ ഇല്ല, കേസ് കെട്ടിച്ചമച്ചത്; ബലാത്സംഗ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ തനിക്കെതിരെ ഒരു തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് വിടുതല്‍ ഹര്‍ജിയിലെ വാദം.

വിടുതല്‍ ഹര്‍ജി നേരത്തേ തള്ളിയ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി, ഫ്രാങ്കോ മുളക്കല്‍ വിചാരണ നേരിടാന്‍ ഉത്തരവിട്ടിരുന്നു. പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് ഉയര്‍ത്തിയിരിക്കുന്ന ആവശ്യം. എന്നാല്‍, കൃത്യമായ തെളിവുകളുണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് ഫ്രാങ്കോ ഹൈക്കോടതിയിലേയ്ക്ക് നീങ്ങിയത്. 2018 ജൂണ്‍ 26 നാണ് കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയത്. നാല് മാസത്തെ അന്വേഷണത്തിന് ശേഷം അറസ്റ്റിലായ ഫ്രാങ്കോയ്ക്ക് 25 ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്.

Exit mobile version