‘പൊല്‍-ആപ്പ്’ പടച്ചുവിട്ട ട്രോള്‍ ഔദ്യോഗിക പേരായി സ്വീകരിച്ച സന്തോഷത്തില്‍ വെഞ്ഞാടമൂടുകാരന്‍ ശ്രീകാന്ത്

തിരുവനന്തപുരം; ‘പൊല്‍-ആപ്പ്’ കഴിഞ്ഞ ദിവസമാണ് കേരള പോലീസ് തങ്ങളുടെ ആപ്പിന് പേര് ഔദ്യോഗികമായി നല്‍കിയത്. ജനങ്ങളുടെ അഭിപ്രായം തേടിയാണ് പോലീസ് ആപ്പിന് പേര് നല്‍കിയത്. ഫേസ്ബുക്ക് പേജിലൂടെ പേര് നിര്‍ദേശിക്കാന്‍ പറഞ്ഞതോടെ പേരുകളുടെ വന്‍ പ്രവാഹം തന്നെയായിരുന്നു. എന്നാല്‍ അതില്‍ ക്ലിക്കായത് 23കാരനായ വെഞ്ഞാറമൂടുകാരന്‍ ശ്രീകാന്തിന്റെ പേര് ആയിരുന്നു. പൊല്ലാപ്പ് എന്നാണ് നല്‍കിയത്.

അതിനെ മോഡീകരിച്ച് പൊല്‍-ആപ്പ് എന്ന് ഔദ്യോഗികമായി നല്‍കുകയായിരുന്നു. ഇപ്പോള്‍ അതിന്റെ സന്തോഷത്തിലാണ് ഈ 23 കാരന്‍. ഇപ്പോള്‍ ദുബൈയിലാണ് ശ്രീകാന്ത്. ട്രോളിയും കാര്യം പറഞ്ഞും ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായ കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലെ സ്ഥിരം സന്ദര്‍ശകന്‍. പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന കമന്റുകള്‍ക്ക് ട്രോളായി തന്നെ പോലീസ് റിപ്ലേ നല്‍കുന്നതാണ് ഈ വെഞ്ഞാറുമൂടുകാരനെ രസിപ്പിച്ചത്. ശേഷം ആപ്പിന് പേരും നിര്‍ദേശിക്കുകയായിരുന്നു.

വെറുമൊരു നേരംപോക്കിന് കമന്റിട്ട ശ്രീകാന്തിനെ തേടി പോലീസ് പേജില്‍നിന്ന് സന്ദേശമെത്തി. ഗള്‍ഫിലാണെന്ന് പറഞ്ഞപ്പോള്‍ നാട്ടിലേക്ക് വരുന്നുണ്ടോയെന്നായി ചോദ്യം. മെസേജയച്ചത് യഥാര്‍ത്ഥത്തില്‍ പൊല്ലാപ്പായോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ്, താനിട്ട പേര് പോലീസ് തെരഞ്ഞെടുത്ത സന്തോഷ വാര്‍ത്തയെത്തുന്നത്.

സൈബര്‍ഡോം മേധാവി എഡിജിപി മനോജ് എബ്രഹാം ഔദ്യോഗിക പ്രഖ്യാപനവും മുഖ്യമന്ത്രി മൊബൈല്‍ ആപും പുറത്തിറക്കിയതോടെ ‘പൊല്‍-ആപ്പ്’ മാത്രമല്ല ശ്രീകാന്തും ഗള്‍ഫിലും ഹിറ്റായി. ജബല്‍അലിയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ഇദ്ദേഹം ആറു വര്‍ഷം മുമ്പാണ് ദുബായിലെത്തിയത്. നേരിട്ട് പോയി പോലീസിന്റെ സമ്മാനം സ്വീകരിക്കാന്‍ കഴിയാത്തതില്‍ മാത്രമാണ് അല്‍പം നിരാശ.

Exit mobile version