വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ ശ്രദ്ധേയനായ അധ്യാപകന്‍ തോട്ടില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ ശ്രദ്ധേയനായ അധ്യാപകന്‍ ബിനുകുമാര്‍ മരിച്ച നിലയില്‍. തോട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിതുര ഗവണ്‍മെന്റ് യുപി സ്‌കൂളിലെ അധ്യാപകനായ നന്ദിയോട് സ്വദേശി ബിനുകുമാറിനെ ആണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വിക്ടേഴിനായി ക്ലാസ് എടുത്ത് തിരിച്ചു പോകും വഴിയാണ് അപകടം സംഭവിച്ചത്. വീടിന് തൊട്ടടുത്തുളള പാലത്തില്‍ നിന്നാണ് ഇദ്ദേഹം തോട്ടിലേക്ക് വീണത്. കാല്‍ വഴുതി തോട്ടില്‍ വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ഇദ്ദേഹം മദ്യപിച്ചിരുന്നതായും പോലീസ് പറയുന്നു. 44 കാരനായ ബിനുകുമാറാണ് ജൂണ്‍ നാലിന് വിക്ടേഴ്‌സ് ചാനലിലൂടെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഗണിതശാസ്ത്രം ക്ലാസ് എടുത്ത് കൊടുക്കാന്‍ എത്തിയത്. കെഎസ്ടിഎ പാലോട് ഉപജില്ലാ കമ്മിറ്റി അംഗമാണ് ഇദ്ദേഹം. ഭാര്യ കൃഷ്ണപ്രിയ നെടുമങ്ങാട് ദര്‍ശന സ്‌കൂള്‍ അധ്യാപികയാണ്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവനന്ദയാണ് ബിനുകുമാറിന്റെ മകള്‍.

Exit mobile version