പാലക്കാടാണോ, മലപ്പുറത്താണോ ആന ചരിഞ്ഞത് എന്ന വിവാദത്തിന് പ്രസക്തി ഇല്ല, ചര്‍ച്ചയാകേണ്ടത് ആനയോടുള്ള ക്രൂരത; വി മുരളീധരന്‍

ന്യൂഡല്‍ഹി: പൈനാപ്പിളില്‍ നിറച്ച സ്‌ഫോടക വസ്തു കടിച്ച് മുറിവേറ്റ കാട്ടാന മരിച്ച സംഭവത്തില്‍ പ്രതികരണം അറിയിച്ച് കേന്ദ്രമന്ത്രി വി മരളീധരന്‍. പാലക്കാട് ആണോ മലപ്പുറത്താണോ ആന ചരിഞ്ഞത് എന്ന വിവാദമുണ്ടാക്കുന്നതില്‍ ഒരു പ്രസക്തിയുമില്ലെന്ന് വി മുരളീധരന്‍ പറയുന്നു. ഡല്‍ഹിയില്‍വെച്ച് പ്രതികരണം അറിയിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ചര്‍ച്ചയാകേണ്ടത് ആനയോടുള്ള ക്രൂരതയാണെന്ന് അദ്ദേഹം പറയുന്നു. സ്ഥലം എവിടെ ആണ് എന്നത് അപ്രസക്തമാണ് . ആനയോടുള്ള ക്രൂരതയാണ് ചര്‍ച്ചയാകേണ്ടത്. ആദ്യ ഘട്ടത്തില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആണ് മലപ്പുറമെന്ന പ്രതികരണം ഉണ്ടായത്.

വിഷയത്തിന് വര്‍ഗ്ഗീയ നിറം നല്‍കി എന്നത് കാണുന്നവരുടെ കണ്ണിന്റെ പ്രശ്‌നമാണ്. പ്രകാശ് ജാവഡേക്കറോ മേനക ഗാന്ധിയോ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും വി മുരളീധരന്‍ പറയുന്നു. വിഷയം ആനയോടുള്ള ക്രൂരതയില്‍ നിന്ന് സ്ഥലത്തെ ചൊല്ലി ആകുന്നത് ദൗര്‍ഭാഗ്യകരം എന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് തിരുവിഴാംകുന്നാണ് പൈനാപ്പിളില്‍ ഒളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മുഖം തകര്‍ന്നാണ് ഗര്‍ഭിണിയായ പിടിയാന ചരിഞ്ഞത്. സംഭവത്തില്‍ സോഷ്യല്‍മീഡിയയിലും വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിനിടെ വര്‍ഗീയത കൂട്ടി കലര്‍ത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി നടന്‍ നീരജ് മാധവനും രംഗത്ത് വന്നിരുന്നു.

Exit mobile version