ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹായവുമായി സഹകരണ വകുപ്പ് ; അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ടിവി നല്‍കും

തിരുവനന്തപുരം; ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹകരണ വകുപ്പ് ടിവി നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വീടുകളില്‍ ടെലിവിഷന്‍ സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്കായി ടെലിവിഷന്‍ സൗകര്യമൊരുക്കുന്നതിനായി സഹകരണ വകുപ്പ് സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അനുമതി നല്‍കി ഉത്തരവിറക്കി. സഹകരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയിലെ അര്‍ഹരായ വിദ്യാര്‍ത്ഥികളെ പ്രദേശത്തെ സ്‌കൂളുകളുമായി സഹകരിച്ച് കണ്ടെത്തുകയും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുകയുമാണ് ചെയ്യുകയെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നേരത്തെ ബീവറേജസ് കോര്‍പ്പറേഷന്‍ 500 ടിവി നല്‍കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചിരുന്നു. നിരവധി സംഘടകളും വ്യക്തികളും നിര്‍ധനരായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ടിവി നല്‍കുമെന്ന് അറിയിച്ചിരുന്നു. കൂടാതെ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായുള്ള ടിവി,ലാപ്പ്‌ടോപ്പ്, പ്രോജക്ടര്‍ സൗകര്യങ്ങള്‍ കുട്ടികള്‍ക്കായി പ്രയോജനപ്പെടുത്താന്‍ അനുമതി നല്‍കി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സര്‍ക്കുലര്‍ പുറത്തിറക്കി.

കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ്:

നമ്മുടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ മുഖാന്തിരം ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണല്ലോ. ഇക്കാര്യത്തില്‍ നാം നേരിടുന്ന വലിയൊരു വെല്ലുവിളി ഇതിനായുള്ള സൗകര്യങ്ങളുടെ അഭാവമുള്ള ഒരു വിഭാഗം കുഞ്ഞുങ്ങള്‍ നമുക്കിടയിലുണ്ട് എന്നതാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ എന്നത്തേയും പോലെ സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതിയുമായി സഹകരണ മേഖല മുന്നോട്ട് വരികയാണ്.

വീടുകളില്‍ ടെലിവിഷന്‍ സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്കായി ടെലിവിഷന്‍ സൗകര്യമൊരുക്കുന്നതിനായി സഹകരണ വകുപ്പ് സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അനുമതി നല്‍കി ഉത്തരവിറക്കി. സഹകരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയിലെ അര്‍ഹരായ വിദ്യാര്‍ത്ഥികളെ പ്രദേശത്തെ സ്‌കൂളുകളുമായി സഹകരിച്ച് കണ്ടെത്തുകയും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുകയുമാണ് ചെയ്യുക.

കടകംപള്ളി സുരേന്ദ്രന്‍.

Exit mobile version