കൊവിഡ് ബാധിച്ച് വൈദികന്‍ മരിച്ച സംഭവം; ഉറവിടം കണ്ടെത്താനായില്ല, പേരൂര്‍ക്കട ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു, 9 ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് വൈദികന്‍ മരിച്ച സംഭവത്തിനു പിന്നാലെ പേരൂര്‍ക്കട ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു. ഒന്‍പത് ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഇത് സംസ്ഥാനത്ത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

ആദ്യം പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് അവിടെ നിന്നും മാറ്റുകയായിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ഇദ്ദേഹം മരണപ്പെടുന്നത്. ഇദ്ദേഹത്തിന്റെ മരണത്തില്‍ പല തരത്തിലുള്ള സംശയവും ആശങ്കയും ഉയരുന്നുണ്ട്. വൈദികന്റെ സമ്പര്‍ക്കപ്പട്ടിക ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഏപ്രില്‍ 20 നാണ് ഇദ്ദേഹത്തെ ഒരു അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം ഭേദമായ ശേഷം ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ നിന്നും പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെ വെച്ച് വീണ്ടും ശ്വാസ തടസവും ന്യൂമോണിയയും വന്ന ശേഷം വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ വെച്ചാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.

Exit mobile version