ലക്ഷംവീട്ടിലെ ഇടുങ്ങിയ ഒറ്റമുറി വീട്ടില്‍ നിന്ന് ഗോഡ്‌സ് വില്ലയിലേയ്ക്ക് പിടിച്ചു കയറ്റി ട്വന്റി 20യുടെ നായകന്‍ സാബു എം ജേക്കബ്, കണ്ണീരൊഴുക്കി നന്ദി പറഞ്ഞ് സുഭദ്ര, കോളനിയില്‍ നിന്നും വില്ലയിലേയ്ക്ക് സാബു കരകയറ്റിയത് 37 കുടുംബങ്ങള്‍!

കിഴക്കമ്പലത്തെ ഞാറള്ളൂരില്‍ വാസയോഗ്യമല്ലാതായ ലക്ഷം വീട് കോളനിയിലായിരുന്നു സുഭദ്രയുടെയും കുടുംബത്തിന്റെയും താമസം.

കൊച്ചി: ലക്ഷംവീട്ടിലെ ഇടുങ്ങിയ ഒറ്റമുറി വീട്ടില്‍ നിന്ന് സുഭദ്ര ചേക്കറിയത് ഗോഡ്‌സ് വില്ലയിലേയ്ക്കാണ്. പിടിച്ചു കയറ്റിയത് കിഴക്കമ്പലം ട്വന്റി 20 യുടെ നായകന്‍ സാബു എം ജേക്കബ് ആയിരുന്നു. നിറകണ്ണുകളോടെയായിരുന്നു സുഭദ്രയുടെ നന്ദി പറച്ചില്‍. സുഭദ്രയെ മാത്രമല്ല. കോളനിയില്‍ നിന്നും 37 കുടുംബങ്ങളെയാണ് സാബു ഗോഡ്‌സ് വില്ലയിലേയ്ക്ക് പിടിച്ചു കയറ്റിയ്ത് ‘സാറാണ് ഞങ്ങളെ രക്ഷിച്ചത്. ഈ വീടും ജീവിതവും തന്നത്’ സുഭദ്ര പറയുന്നു. എന്നാല്‍ അമ്മയെ ചേര്‍ത്ത് പിടിച്ച് ചിരിച്ചു കൊണ്ട് സാബു പറഞ്ഞു ‘ഈ സ്നേഹം മതിയെനിക്ക്’. ഇതോടെ സുഭദ്രയുടെ കണ്ണില്‍ നിന്നും നീര്‍തുള്ളികള്‍ നിറഞ്ഞൊഴുകി.

കിഴക്കമ്പലത്തെ ഞാറള്ളൂരില്‍ വാസയോഗ്യമല്ലാതായ ലക്ഷം വീട് കോളനിയിലായിരുന്നു സുഭദ്രയുടെയും കുടുംബത്തിന്റെയും താമസം. ഇപ്പോള്‍ അതിനു പകരം വില്ലയാണ് ട്വന്റി 20 നിര്‍മിച്ചു നല്‍കിയത്. ആധുനിക സൗകര്യങ്ങളെല്ലാമുള്ള വില്ല. ഒരു ചുമരിന് ഇരുവശത്തുമായി ഇടുങ്ങിയ മുറികളില്‍ അസൗകര്യങ്ങളുടെ നടുവില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ഇനി നല്ല വീട്ടിലുറങ്ങാം. നല്ല അന്തരീക്ഷത്തില്‍ ജീവിക്കാം. അത് മാത്രമായിരുന്നു ട്വന്റി 20 യുടെയും ലക്ഷ്യവും.

‘ഗോഡ്സ് വില്ല’ എന്ന ഈ പാര്‍പ്പിട സമുച്ചയം ഡിസംബര്‍ 3-ന് വൈകീട്ട് നടന്‍ കമല്‍ഹാസന്‍ ഉദ്ഘാടനം ചെയ്യും. തമിഴ്നാട്ടിലും ഈ മാതൃക പിന്തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 750 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഓരോ വീടും നിര്‍മിച്ചിരിക്കുന്നത്. രണ്ടു ബെഡ് റൂം, കാര്‍പോര്‍ച്ച്, അടുക്കള, ബാത്ത്റൂം, ടോയ്ലറ്റ്, സിറ്റൗട്ട്, ചുറ്റുമതില്‍ എന്നിവ അടങ്ങിയതാണ് ഒരോ വീടും. വീടുകളിലേക്ക് വെള്ളം, റോഡ്, വഴിവിളക്ക് എന്നിവ ട്വന്റി 20യുടെ നേതൃത്വത്തില്‍ ഒരുക്കി. രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന ഫാന്‍, ഫാന്‍സി ലൈറ്റ്, ഡൈനിങ് ടേബിള്‍, മിക്സര്‍ ഗ്രൈന്റര്‍, ബെഡ്, ടിവി, സോഫ എന്നീ അവശ്യസാധനങ്ങള്‍ 50 ശതമാനം കിഴിവില്‍ നല്‍കുകയും ചെയ്യുന്നു. വാസ്തുപ്രകാരം നിര്‍മ്മിച്ചിരിക്കുന്ന ഓരോ വീടും മുകളിലേയ്ക്ക് പണിയാവുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ലക്ഷംവീട് കോളനിയിലെ ഓരോ കുടുംബത്തിനും പുതിയ വീടുകള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. നിര്‍മ്മാണത്തിന് ആറു കോടി രൂപയാണ് ചിലവായത്. ഇതില്‍ 5.26 കോടി ട്വന്റി 20 ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ‘ലക്ഷം വീട് ഒറ്റ വീടാക്കല്‍ പദ്ധതി’ പ്രകാരം കിഴക്കമ്പലം പഞ്ചായത്ത് 74 ലക്ഷം രൂപയും ചെലവഴിച്ചു. വിലങ്ങ്, കണ്ണാമ്പുറം, മാക്കിനിക്കര കോളനികളിലും ഇത്തരത്തില്‍ വില്ലകളൊരുക്കുന്നുണ്ട്. ഇതുകൂടാതെ വീടില്ലാത്ത മുന്നൂറോളം പേര്‍ക്ക് ട്വന്റി 20യുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. എണ്ണൂറോളം വീടുകള്‍ പുതുക്കിപ്പണിത് നല്‍കുകയും ചെയ്തു.

Exit mobile version