റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം നാളെ മുതല്‍ വിതരണം ചെയ്യും; ലഭിക്കുക ഈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക്

തിരുവനന്തപുരം: ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 1000 രൂപ വീതമുള്ള ധനസഹായം, ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. ജൂണ്‍ ആറു വരെയാണ് ധനസഹായം വിതരണം ചെയ്യുക. അര്‍ഹരുടെ വീടുകളില്‍ സഹകരണ ബാങ്ക് ജീവനക്കാര്‍ തുക എത്തിക്കും. ക്ഷേമ പെന്‍ഷനുള്‍പ്പെടെ ഒരു ധന സഹായവും ലഭിക്കാത്ത കാര്‍ഡ് ഉടമകള്‍ക്കാണ് പണം നല്‍കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധന സഹായം അനുവദിക്കുന്നത്. ഈ വിഭാഗത്തില്‍ പെടുന്ന 14,78,236 കുടുംബങ്ങള്‍ക്കാണ് അര്‍ഹതയുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷന്‍ കടകളിലും സഹകരണ ബാങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്. മറ്റു ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ല എന്ന സത്യവാങ്മൂലം തുക കൈപ്പറ്റുമ്പോള്‍ നല്‍കണം.

റേഷന്‍ കാര്‍ഡിലെ ഗൃഹനാഥയാണ് സഹായത്തിന് അര്‍ഹതയുള്ളത്. എന്നാല്‍ മരണശേഷവും പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കം ചെയ്യാത്ത ചില കേസുകള്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ ഇത്തരം കേസുകളില്‍, അര്‍ഹതയുടെ മറ്റു മാനദണ്ഡങ്ങള്‍ ബോധ്യപ്പെടുന്ന പക്ഷം ആ കുടുംബത്തെ ധനസഹായ വിതരണത്തില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് ധനമന്ത്രി അറിയിച്ചു. ആ വിവരം രേഖപ്പെടുത്തി വാങ്ങി, റേഷന്‍ കാര്‍ഡില്‍ പേരുള്ള അടുത്ത ആളിന് പണം നല്‍കി, സത്യവാങ്മൂലം വാങ്ങേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

Exit mobile version