കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ റിമാന്റ് പ്രതികളും; പോലീസുകാരും ജയിലധികൃതരും ക്വാറന്റൈനില്‍; ആശങ്ക

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ റിമാന്റ് പ്രതികളും. കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലുള്ള രണ്ട് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണപുരം ,ചെറുപുഴ സ്റ്റേഷനുകളിലെ പോലീസുകാര്‍ അറസ്റ്റ് ചെയ്ത രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പോലീസുകാരും ജയിലധികൃതരും ക്വാറന്റൈനിലാണ്.

കണ്ണൂര്‍ ജില്ലയില്‍ മാത്രം 10 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ ധര്‍മ്മടത്ത് ഒരു കുടുംബത്തില്‍ രോഗബാധിതരുടെ എണ്ണം എട്ടായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 62 കാരിക്കാണ് ഈ വീട്ടില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗം ബാധിച്ചതെങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന തടവുകാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെഞ്ഞാറമ്മൂട് സ്വദേശിയായ 40 വയസുകാരനാണ് സമ്പര്‍ക്കം കൊണ്ട് രോഗമുണ്ടായത്. ഇതോടെ കഴിഞ്ഞ രണ്ടു ദിവസമായി വെഞ്ഞാറമൂട് സ്റ്റേഷനിലുണ്ടായിരുന്ന 30 പോലീസുകാര്‍ നിരീക്ഷണത്തിലാണ്.

അതെസമയം സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. നിലവില്‍ 359 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 12 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Exit mobile version