മാഹിയില്‍ മദ്യത്തിന് വിലകുറവില്ല; അടുത്ത മൂന്ന് മാസത്തേക്ക് കേരളത്തിലെ അതേ വില; നടപടി കേരളത്തില്‍ നിന്ന് കൂട്ടമായി ആളുകള്‍ എത്തുന്നത് തടയാന്‍

കണ്ണൂര്‍: കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ മദ്യത്തിന് ഇനിമുതല്‍ കേരളത്തിലെ അതേ വില ഈടാക്കും. അടുത്ത മൂന്ന് മാസത്തേക്കാണ് വിലവര്‍ധനവ് വരുത്തിയിരിക്കുന്നത്. മാഹിയില്‍ മദ്യത്തിനുള്ള വിലക്കുറവ് മൂലം കേരളത്തില്‍ നിന്ന് ആളുകള്‍ കൂട്ടമായെത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് വില വര്‍ധിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ കേരളത്തില്‍ വില്‍പനയില്ലാത്ത ബ്രാന്‍ഡുകള്‍ക്ക് വിലവര്‍ധനയുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കേരളത്തില്‍ മദ്യവില്‍പന ശാലകള്‍ തുറക്കുന്ന സമയത്ത് മാത്രമെ മാഹിയിലും മദ്യശാലകള്‍ തുറക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി. പാഴ്‌സലായി മാത്രമെ മദ്യം നല്‍കുകയുള്ളൂ.

അതെസമയം മാഹി സ്വദേശികള്‍ക്ക് മാത്രം മദ്യം നല്‍കിയാല്‍ മതിയെന്ന ഉത്തരവ് എടുത്ത് കളഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആര്‍ക്കും മദ്യം വാങ്ങാമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ മാഹി സ്വദേശികള്‍ മാത്രം മദ്യം നല്‍കിയാല്‍ മതിയെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഇതാണ് എടുത്ത് കളഞ്ഞത്.

Exit mobile version