ആകെയുള്ളത്‌ രണ്ട് സെന്റ് ഭൂമി, സംസ്‌കരിക്കാന്‍ ഇടമില്ല; സഹായ ഹസ്തം നീട്ടി പുതുമനശ്ശേരി ജുമാ മസ്ജിദ്, അയ്യപ്പന്റെ ഭാര്യ തങ്കത്തിന് മസ്ജിദിന്റെ ഭൂമിയില്‍ സംസ്‌കാരം

പാവറട്ടി: പുതുമനശ്ശേരി കൂത്താട്ടില്‍ അയ്യപ്പന്റെ ഭാര്യ തങ്ക(78)യ്ക്ക് പുതുമനശ്ശേരി ജുമാ മസ്ജിദിന്റെ ഭൂമിയില്‍ സംസ്‌കാരം. രണ്ട് സെന്റ് ഭൂമിയിലാണ് ഇവരുടെ താമസം. ഇതോടെ മരണപ്പെട്ട വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ലാതെ വലയുകയായിരുന്നു. വിഷമിച്ച് നില്‍ക്കുന്ന ബന്ധുക്കള്‍ക്ക് ഒടുവില്‍ ആശ്വാസവുമായി ജുമാ മസ്ജിദ് രംഗത്തെത്തുകയായിരുന്നു.

മസ്ജിദിന്റെ ഭൂമിയില്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് സ്ഥലമൊരുക്കി നല്‍കിയാണ് മഹല്ല് കമ്മിറ്റി റമദാന്‍ ദിനത്തില്‍ മാതൃകയായത്. ഇതോടെ നിലനിന്ന ആശങ്കകളും വഴിമാറുകയും ചെയ്തു. വീടിരിക്കുന്ന ആകെയുള്ള രണ്ട് സെന്റ് ഭൂമിയില്‍ അമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കില്ലെന്നു മനസിലായതോടെ മകന്‍ രാജേഷ് കൊടുവീട്ടില്‍ ഇബ്രാഹിമിന്റെ സഹായം തേടുകയായിരുന്നു.

ഇബ്രാഹിം മഹല്ല് അംഗങ്ങളുമായി സംസാരിച്ചു മൃതദേഹം മസ്ജിദ് വളപ്പില്‍ സംസ്‌കരിക്കാന്‍ സൗകര്യം ചെയ്ത് നല്‍കുകയായിരുന്നു. മഹല്ല് പ്രസിഡന്റ് അബ്ദുല്‍ അസീസ്, സുതാനത്ത് സെക്രട്ടറി അബ്ദുല്‍ മനാഫ് എന്നിവര്‍ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണയും നല്‍കി.

Exit mobile version