കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനെ പ്രശംസിച്ചു; ജില്ലാ ജനറല്‍ സെക്രട്ടറിയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു, മൂല്യങ്ങളോടൊപ്പം അടിയുറച്ചു തന്നെ നില്‍ക്കുമെന്ന് ടികെ അലവിക്കുട്ടി

മലപ്പുറം: കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികളെ പ്രശംസിച്ച മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ ടികെ അലവിക്കുട്ടിയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. ഫേസ്ബുക്കിലൂടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്.

അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;

ഒന്ന് പറഞ്ഞോട്ടേ… പ്ലീസ്,
————–
സ്വജീവന്‍ പണയപ്പെടുത്തിയും കൊറോണയുടെ ഭീഷണിയെ തടഞ്ഞ് കേരളത്തെ രക്ഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും പോലീസ് സേനയുള്‍പ്പെടയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെയും ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കവും ജനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. ഭരണകൂടത്തിന്റെ കുറ്റമറ്റ ഇടപെടലും കക്ഷി രാഷ്ട്രീയഭേദമന്യേ യോജിച്ച പ്രവര്‍ത്തനവും എല്ലാവിഭാഗം മതസാമുദായിക നേതാക്കളും സന്ദര്‍ഭത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കാണിച്ച അസാധാരവും അനുകരണീയവുമായ സഹകരണവുമാണ് നമ്മുടെ നാടിനെ ലോകത്തെതന്നെ ‘സുരക്ഷിത മേഖല’ എന്ന മികച്ച നിലയിലേക്കുയര്‍ത്തിയത്. അതുകൊണ്ടാണ് ലോകത്തെങ്ങമുള്ള മലയാളിസഹോദരങ്ങള്‍ എങ്ങനെയും നാട് പിടിക്കണമെന്ന് ആഗ്രഹിക്കുന്നതും.

അവര്‍ നമ്മുടെ സഹോദരങ്ങളാണ്. ഇത് അവരുടെ കൂടെ ഭൂമിയാണ്. ഇവിടെ ഇങ്ങനെ ഭദ്രമായി നിലനിര്‍ത്താന്‍ മാത്രമല്ല, നമ്മുടെ പട്ടിണിമാറ്റി മെച്ചപ്പെട്ട ജീവതം കൊണ്ടുവരാനും അവര്‍ വഹിച്ച പങ്ക് മറക്കാനാവില്ല. അവര്‍ക്ക് ധൈര്യമായി മടങ്ങിവരാനും സന്തോഷത്തോടെ കുടുംബത്തോടൊപ്പം കഴിയാനും ഈ സമാധാനന്തരീക്ഷവും സുരക്ഷിതത്വവും നിലനില്‍ക്കണം. ഈ നിയന്ത്രണങ്ങളെല്ലാം തകര്‍ന്നാല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ചിലപട്ടണങ്ങള്‍പോലെ, മറ്റു രാജ്യങ്ങളെപോലെ കേരളവും കൊറോണയുടെ ഹബ്ബാവും. കൂട്ടനിലവിളികള്‍ ഉയരും. ചില രാജ്യങ്ങളിലെ കൂട്ടക്കുഴിമാടങ്ങള്‍ തീര്‍ക്കുന്ന വാര്‍ത്തകള്‍ കേട്ടു അമ്പരന്നവരാണ് നമ്മള്‍. അങ്ങനെ ഒരു അവസ്ഥ വന്നാല്‍…. ആരാണ് ഇങ്ങോട്ട് വരാന്‍ ആഗ്രഹിക്കുക? ഇപ്പോള്‍ രജിസ്ട്ര് ചെയ്ത് കാത്തിരിക്കുന്നവരും പിന്തിരിയില്ലേ? അങ്ങനെ നമ്മുടെ നാട് ഒരു ദുരന്ത ഭൂമിയാകാന്‍ ആരാണ് കൊതിക്കുന്നത്? അങ്ങനെ ആരെങ്കിലും – വല്ല ദുഷ്ടരും- കാതിക്കുന്നുവെങ്കില്‍, ഉടനെ അവരെ കൊറോണക്കൂട്ടിലടക്കണം. ഇവിടെ നിലനില്‍ക്കുന്ന സംവിധാനം തകരരുത്, തകര്‍ക്കരുത്. ഇനി വോട്ടും അധികാരവുമാണ് പ്രശ്‌നമെങ്കില്‍….

– ഇങ്ങോട്ട് വരുന്നവര്‍ ആരാണ്, എവിടെ നിന്ന്, ക്വാറന്റൈന്‍ പാലിക്കുന്നുണ്ടോ എന്നൊക്കെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറെടുക്കാതെ, പാസോ വിവരങ്ങളോ അറിയാതെ വിടണമെന്ന മുറവിളി കൂട്ടി നിലവിലെ സമാധാനം തകര്‍ത്താല്‍ ആര് ഏത് കോന്തനാ വോട് ചെയ്യുക? ‘ഇവന്‍ പറ്റിച്ച പണിയാണിത് എന്ന് പറഞ്ഞ് ഓടാന്‍ പറയില്ലേ, ജനം.. വരുന്നവര്‍ നമ്മുടെ കൂടെപിറപ്പുകളാണ്, വെറും വോട്ടുയന്ത്രങ്ങളല്ല. അവരുടെ ആരോഗ്യവും പ്രധാനമാണ്. അവരെയും കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട്. കുഞ്ഞുകുട്ടികളുണ്ട്. അവരുടെ സംരക്ഷണവും ഉറപ്പുവരുത്തണം. അതെല്ലാം തകര്‍ത്ത് അവരെയും സമൂഹത്തെയാകെയും ദുരിതക്കടലിലേക്ക് വലിച്ചെറിയാന്‍ ഒരിറ്റ് കരുണയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ എങ്ങനെ സമ്മതിക്കും?. ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയില്‍ പ്രവര്‍ത്തക്കുന്നു എന്ന ഒറ്റ കാരണത്താല്‍ ഇതൊന്നും പറഞ്ഞുപോകരുത്, എതിരാളികളെ സഹായിക്കുമെന്ന വാദത്തോട് യോജിപ്പില്ല. ഞാനുള്‍ക്കൊള്ളുന്ന സമൂഹത്തെ സഹായിക്കാനാകണം, അവരെ എങ്ങനെ ദ്രോഹിക്കാമെന്നല്ല, അതിനുവേണ്ടിയല്ല രാഷ്ട്രീയം പ്രയോജനപ്പെടുത്തേണ്ടത്. തുറന്നുപറയാതെ…… ഇതറിഞ്ഞുകൊണ്ടുതന്നെ…പറയട്ടെ

മെയ് 12 ന് പോസ്റ്റ് ചെയ്ത കുറിപ്പ് ജില്ലയ്ക്കകത്തെ കോണ്‍ഗ്രസില്‍ ഭിന്നതയ്ക്ക് വഴി വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് നേതാവിനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തത്. നടപടി എടുത്തതിനു പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി അലവിക്കുട്ടി രംഗത്തെത്തി. ‘മൂല്യങ്ങള്‍ സംരക്ഷിക്കണോ, സ്വാര്‍ത്ഥമായ രഷ്ട്രീയമോഹങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യമുയരുമ്പോള്‍, എന്തിന് സംശയിക്കണം, മൂല്യങ്ങളോടൊപ്പം അടിയുറച്ചുനില്‍ക്കുക എന്ന നിലപാട് തന്നെ’ അദ്ദേഹം കുറിച്ചു.

Exit mobile version