കേരളത്തിലെ കൊവിഡ് മരണത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നില്ല, ഇത് നീതിയല്ല; സംസ്ഥാന സര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബം

തലശ്ശേരി: കേരളത്തിലെ കൊവിഡ് മരണത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന പരാതിയുമായി മാഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ച പി മെഹ്‌റൂഫിന്റെ കുടുംബം. കേരളത്തിന്റെ നിലപാട് നീതിയല്ലെന്ന് ഇവര്‍ പറയുന്നു. ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മഫ്‌റുഫിന്റെ മകന്‍ തുറന്നടിച്ചു.

മരിച്ച് നാല്‍പത് ദിവസമായിട്ടും കേരളം മഫ്‌റൂഫിന്റെ പേര് പട്ടികയില്‍ ചേര്‍ത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ മഫ്‌റൂഫിന്റെ പേരും കേന്ദ്രം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കേരളം ഇതുവരെ മഹ്‌റൂഫിന്റെ പേര് പട്ടികയില്‍ ചേര്‍ത്തിട്ടില്ല. മഹ്‌റൂഫിന്റെ പേര് കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി സര്‍ക്കാരും കേരളത്തിന് കത്തയക്കുകയും ചെയ്തു.

ഏപ്രില്‍ പതിനൊന്നിനാണ് കൊവിഡ് ബാധിച്ച് 71കാരനായ മഹ്‌റൂഫ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വൃക്കരോഗവും ഹൃദ്രോഗവും ഉള്ള ആളായിരുന്നു മരിച്ച മഹ്‌റുഫ്. മാര്‍ച്ച് 26നാണ് മഹ്‌റൂഫിന് പനി ബാധിക്കുന്നത്. ഇതേ തുടര്‍ന്ന് തലശ്ശേരി ടെലി ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്.

Exit mobile version