എംജി, കേരള സര്‍വകലാശാല പരീക്ഷകള്‍ ലോക്ക്ഡൗണിനു ശേഷം നടത്തും; 26 മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം കേരള സര്‍വകലാശാല പരീക്ഷകള്‍ നടത്തും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കുമെന്നും പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്നും കേരള സര്‍വകലാശാല അറിയിച്ചു. അതേസമയം മഹാത്മാഗാന്ധി സര്‍വകലാശാല മേയ് 26 മുതല്‍ നടത്താനിരുന്ന എല്ലാ ബിരുദ, ബിരുദാനന്തര പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മെയ് 26 മുതല്‍ 30 വരെ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

പരീക്ഷകളുടെ നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്നും തീവ്രബാധിത മേഖലകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ പാടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

Exit mobile version