ലോക്ക് ഡൗണില്‍ കുടുങ്ങിക്കിടക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് അതത് ജില്ലകളില്‍ പരീക്ഷയെഴുതാന്‍ അവസരം; അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് മറ്റ് ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥിക്കള്‍ക്ക് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നിലവില്‍ തങ്ങള്‍ ഉള്ള ജില്ലകളില്‍ എഴുതാന്‍ അവസരം. ഇതിനായി മെയ് 21 വരെ അപേക്ഷകള്‍ നല്‍കാം. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷ കണ്ട്രോളറും മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി.

www.hscap.kerala.gov.in, www.vhscap.kerala.gov.in എന്നീ വെബ്‌സൈറ്റിലൂടെ പരീക്ഷകള്‍ എഴുതുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഇതില്‍ ആപ്ലിക്കേഷന്‍ ഫോര്‍ സെന്റര്‍ ചെയ്ഞ്ച് എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. മറ്റ് ജില്ലകളില്‍ പെട്ടുപോയവര്‍ക്കാണ് അവസരം. എന്നാല്‍ ജില്ലകളില്‍ പരീക്ഷ കേന്ദ്രം മാറാന്‍ അനുവദിക്കില്ല. ഇന്നു മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. മെയ് 21 വൈകീട്ട് അഞ്ച് മണി വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നത്. പരീക്ഷ എഴുതുന്നതിന് അനുമതി ലഭിച്ച വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ഈ സൈറ്റുകള്‍ വഴി 23ന് പുറത്ത് വിടും. ലിസ്റ്റില്‍ പേരില്ലാത്തവര്‍ക്ക് നേരത്തെ അനുവദിച്ച സ്‌കൂളുകളിലേക്ക് പരീക്ഷ എഴുതണം.

ഹൈയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ ജില്ലയില്‍ തങ്ങള്‍ പഠിക്കുന്ന കോഴ്‌സുകള്‍ ലഭ്യമായ പരീക്ഷാകേന്ദ്രം കണ്ടെത്തി വേണം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അതേ വിഭാഗത്തിലുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ മാത്രമേ തിരഞ്ഞെടുക്കാവൂ. ഐഎച്ച്ആര്‍ഡി, ടിഎച്ച്എസ്എല്‍സി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും ഇത് ബാധകമാണ്. എഎച്ച്എസ്എല്‍സി, ആര്‍ട്‌സ് എച്ച്എസ്എസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രമാറ്റം അനുവദനീയമല്ല.

സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ കഴിയുന്നവര്‍ക്കാണ് മുന്‍ഗണന. മോഡല്‍ റെസിഡന്‍ഷ്യല്‍ ഹോസ്റ്റലുകള്‍, പ്രീ മെട്രിക് – പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, സ്‌പോര്‍ട്ട്‌സ് ഹോസ്റ്റല്‍, സാമൂഹിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഷെല്‍ടര്‍ ഹോമുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് കുടുങ്ങിക്കിടക്കുന്ന ജില്ലയില്‍ പരീക്ഷയെഴുതാന്‍ മുന്‍ഗണന ലഭിക്കുക. ഗള്‍ഫിലെ പരീക്ഷ കേന്ദ്രങ്ങളും ഇതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Exit mobile version