കൊവിഡ് സമൂഹ വ്യാപന സാധ്യതയറിയാന്‍ കേരളത്തില്‍ സര്‍വേ; തിങ്കളാഴ്ച പഠനം നടത്തുന്നത് എറണാകുളം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍

Corona Virus | Bignewslive

തിരുവനന്തപുരം: കൊവിഡ് 19 രോഗത്തിന്റെ സമൂഹ വ്യാപന സാധ്യത അറിയാന്‍ കേരളത്തില്‍ സര്‍വേ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) ആണ് കേരളത്തില്‍ സര്‍വേ നടത്തുന്നത്. തിങ്കളാഴ്ച പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ് സിറോളജിക്കല്‍ പഠനം നടത്തുക.

ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 1200 പേരുടെ സാംപിള്‍ പരിശോധിക്കും. കൊവിഡ് സമൂഹവ്യാപനം അറിയാന്‍ രാജ്യത്തെ 69 ജില്ലകളിലാണ് ഐസിഎംആര്‍ പരിശോധന നടത്തുന്നത്. സംസ്ഥാന ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പഠനത്തിന് ഐസിഎംആറിന്റെ ഇരുപതംഗസംഘം തിങ്കളാഴ്ച പാലക്കാട് ജില്ലയില്‍ സാംപിള്‍ ശേഖരണം നടത്തും.

ഓരോ ജില്ലയിലെയും 10 പ്രദേശങ്ങളിലെ 40 പേരുടെ വീതം രക്തസാംപിള്‍ വീതമാണ് ശേഖരിക്കുന്നത്. 18 വയസ്സ് പൂര്‍ത്തിയായ, കൊവിഡ് ലക്ഷണമോ രോഗികളുമായി സമ്പര്‍ക്കമോ ഇല്ലാത്തവരെ റാന്‍ഡം രീതിയില്‍ തെരഞ്ഞെടുത്താണ് സാംപിള്‍ ശേഖരിക്കുന്നത്.

രക്തത്തിലെ ഐജിജി ആന്റിബോഡി പരിശാധനയിലൂടെയാണ് വൈറസ് സാനിധ്യം നിര്‍ണയിക്കുന്നത്. സമൂഹവ്യപനം അറിയുന്നതില്‍ ഈ പരിശോധനാഫലം നിര്‍ണായകമാവുമെന്നാണ് വിലയിരുത്തല്‍. രണ്ടാംഘട്ടത്തില്‍ വിവിധ ഹോട്ട് സ്പോട്ടുകള്‍ കേന്ദ്രീകരിച്ചും ഐസിഎംആര്‍ സമാന പഠനം നടത്തും.

Exit mobile version