സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും; അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കും. നേരിട്ടും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. രേഖകള്‍ പൂര്‍ണമായി ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും പ്രവേശനം നല്‍കും. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രവേശന നടപടി സംബന്ധിച്ച ആദ്യ ഘട്ട നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സ്‌കൂളില്‍ നേരിട്ട് എത്തുന്നവര്‍ മാസ്‌ക് ഉള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണം. sampoorna.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെയാണ് ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടത്.

ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും താല്‍ക്കാലികമായി പ്രവേശനം നല്‍കണമെന്നാണ് നിര്‍ദേശം. വിദേശത്ത് നിന്നും മറ്റു സംസ്ഥാനത്ത് നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരത്തിലുള്ള ഇളവ് നല്‍കേണ്ടതാണ്.

പ്രവേശന നടപടി കൂടാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും നേരിട്ടോ ഓണ്‍ലൈനായോ നല്‍കാം. ഇക്കാര്യത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ സംബന്ധിച്ച കൂടുതല്‍ നിര്‍ദേശങ്ങള്‍ പിന്നാലെ നല്‍കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നത് വൈകുമെങ്കിലും ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായി അധ്യയം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പ്രവേശന നടപടികള്‍ ആരംഭിച്ചത്.

Exit mobile version