ലക്ഷങ്ങള്‍ വിലമതിക്കുന്ന മീനുകള്‍ വിളവെടുപ്പിന് പാകമാകും മുന്‍പേ ചത്തുപൊന്തി; തീറ്റയില്‍ വിഷം കലര്‍ത്തി കൊടുത്തതെന്ന് സംശയം, സംഭവം കാസര്‍കോട്

കാസര്‍കോട്: പുരുഷ സ്വയംസഹായ സംഘം നടത്തിയ മത്സ്യക്കൃഷിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മീനുകള്‍ ചത്തുപൊന്തി. വിളവെടുപ്പിന് പാകമാകും മുന്‍പേയാണ് മീനുകള്‍ ചത്ത് പൊന്തിയത്. കാവുഗോളിക്കടപ്പുറത്ത് പതിനഞ്ചോളം കൂടുകളിലായി വളര്‍ത്തിയ 9000 കരിമീന്‍, 600 കാളാഞ്ചി(കത്തിക്കൊളോന്‍), 200 തിലോപ്പിയ എന്നിവയാണ് ചത്ത് പൊന്തിയത്.

പ്രാദേശികമായി ശേഖരിക്കുന്ന മത്സ്യങ്ങളാണ് ഇവയ്ക്ക് തീറ്റയായി നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ അതില്‍ പ്രശ്നമുണ്ടാകില്ലെന്ന് സംഘം പ്രവര്‍ത്തകര്‍ ഉറപ്പു നല്‍കുന്നുണ്ട്. പുറത്തുനിന്ന് ആരോ വിഷം ചേര്‍ത്ത തീറ്റ നല്‍കിയോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

കാവുഗോളിയിലെ കെ കുമാര്‍, ആര്‍ പ്രഭാകര്‍, പി പുരുഷോത്തമ, കെ ശ്രീധര്‍, എ സതീഷ്, എന്‍ സുരേന്ദ്രന്‍ എന്നിവരാണ് മത്സ്യവകുപ്പിന്റെ സഹായത്തോടെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിന്റെ ഭൂമിയില്‍ അനുമതി വാങ്ങി കൃഷി ആരംഭിച്ചത്. 7.20 ലക്ഷം രൂപ വായ്പയെടുത്താണ് കൃഷി തുടങ്ങിയതെന്നും ഇപ്പോള്‍ ഏതാണ്ട് 15 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും വാര്‍ഡ് അംഗം പി ആനന്ദ പറയുന്നു.

രണ്ട് തവണ മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പരിശോധന നടത്തിയ ശേഷമാണ് സംഘം വലിയ തോതില്‍ കൃഷി ഇറക്കാന്‍ തുടങ്ങിയത്. എന്നും മീനുകള്‍ക്ക് തീറ്റകൊടുക്കുന്നതും പരിപാലിക്കുന്നതും ഇവര്‍ തന്നെയാണ്. എന്നാല്‍, രാത്രിയില്‍ കാവല്‍ ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ തീറ്റ കൊടുക്കാനെത്തിയപ്പോഴാണ് മീനുകള്‍ അസാധാരണമായി പിടയ്ക്കുന്നത് കണ്ടത്. ശേഷം ഉച്ചയോടെ മീനുകള്‍ ചത്ത് പൊന്തുകയായിരുന്നു.

Exit mobile version