നടുറോഡില്‍ മദ്യപിച്ച് വാഹനമോടിച്ചും ബഹളം വെച്ചും കൊറോണ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍; പിടികൂടി പോലീസിനെ ഏല്‍പ്പിച്ച് നാട്ടുകാരും

കല്‍പ്പറ്റ: നടുറോഡില്‍ മദ്യപിച്ച് വാഹനമോടിച്ചും ബഹളും വെച്ചും കൊറോണ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍. കൊറോണ കണ്‍ട്രോള്‍ സെന്ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കേണിച്ചിറ സ്റ്റേഷനിലെ എഎസ്‌ഐ മോഹനന്‍ ആണ് നടുറോഡില്‍ ബഹളം വെച്ചത്. സംഭവത്തില്‍ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടിയാണ് പോലീസില്‍ ഏല്‍പ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാള്‍ വാഹനമോടിച്ച് കേണിച്ചിറ ടൗണിലെത്തിയത്. ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുനിര്‍ത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എഎസ്‌ഐ ബഹളംവെക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചതുസരിച്ച് ഇദ്ദേഹത്തിന്റെ രക്തസാംപിള്‍ പരിശോധനയ്ക്കെടുക്കുകയും ചെയ്തു.

പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരമാണ് ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രക്തസാംപിള്‍ പരിശോധനാഫലം ലഭിച്ചതിനുശേഷമേ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുക്കാന്‍ കഴിയുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

Exit mobile version