കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിനിയുടെ മരണം: ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും; പ്രത്യേക പരാതി ഇല്ലെന്ന് ബന്ധുക്കൾ

പത്തനംതിട്ട: തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിൽ വിദ്യാർത്ഥിനിയായ ദിവ്യ പി ജോണിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ കൂടുതൽ അന്വേഷണം. വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തും. ജോമാൻ പുത്തൻപുരയ്ക്കലിന്റെ പരാതിയിലാണ് ഡിജിപിയുടെ നടപടി.

സംഭവത്തിൽ പ്രാഥമികാന്വേഷണത്തിന് ശേഷം കേസ് ഏറ്റെടുക്കണമോ എന്നത് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്‌സ് മഠത്തിലെ കന്യാസ്ത്രീ വിദ്യാർത്ഥിനിയായ ദിവ്യ പി ജോണിനെ കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് മഠം വളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടി കിണറ്റിൽച്ചാടി മരിച്ചതായാണ് മഠത്തിലെ അന്തേവാസികളുടെ മൊഴി. കിണറ്റിലെ വെള്ളം ശ്വാസകോശത്തിൽ നിറഞ്ഞതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരും സൂചിപ്പിച്ചിരുന്നു. ഇതിനിടെ മരണത്തിൽ ദുരൂഹത ആരോപിച്ച് വിവിധ കോണുകളിൽനിന്ന് പരാതികളുയർന്നത്.

സിസ്റ്റർ ലൂസി കളപ്പുര അടക്കമുള്ളവരും വിദ്യാർത്ഥിനിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. അതേസമയം, അന്തേവാസികളുടെ മൊഴികളിൽ വൈരുധ്യമില്ലെന്നും പെൺകുട്ടിയുടെ ബന്ധുക്കളിൽനിന്ന് പ്രത്യേകം പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് നേരത്തെ പറഞ്ഞിരുന്നു. എന്തായാലും കേസിന്റെ എല്ലാവശങ്ങളും അന്വേഷിക്കുമെന്നും തിരുവല്ല പോലീസ് വ്യക്തമാക്കിയിരുന്നു.

Exit mobile version