ശബരിമലയില്‍ കാണിക്കയിടേണ്ടെന്ന സംഘപരിവാര്‍ നിര്‍ദേശം നിഗൂഢമായ വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്ന് വിഡി സതീശന്‍

കേരളത്തിലെ ക്ഷേത്രങ്ങള്‍ കുഴപ്പത്തിലായി എന്ന് നിലവിളിച്ച് വര്‍ഗീയവികാരം ആളിക്കത്തിക്കാനുള്ള അജണ്ടയുടെ ഭാഗമാണിതെന്നാണ് വിഡി സതീശന്‍ പറയുന്നത്.

കൊച്ചി: ശബരിമലയില്‍ കാണിക്കയിടേണ്ട എന്ന സംഘപരിവാര്‍ നിര്‍ദേശം നിഗൂഢമായ വര്‍ഗീയ അജണ്ടയെന്ന് വിഡി സതീശന്‍ എംഎല്‍എ. കേരളത്തിലെ ക്ഷേത്രങ്ങള്‍ കുഴപ്പത്തിലായി എന്ന് നിലവിളിച്ച് വര്‍ഗീയവികാരം ആളിക്കത്തിക്കാനുള്ള അജണ്ടയുടെ ഭാഗമാണിതെന്നാണ് വിഡി സതീശന്‍ പറയുന്നത്.

1250 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലുള്ളത്. അതില്‍ ശബരിമലയുള്‍പ്പെടെ 30 ക്ഷേത്രങ്ങളില്‍ മാത്രമാണ് ചെലവ് കഴിച്ച് മിച്ചം വരുമാനമുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ശബരിമലയില്‍ നിന്നാണ്. ഈ വരുമാനം ഉപയോഗിച്ചാണ് ബാക്കിയുള്ള 1220 ക്ഷേത്രങ്ങളിലെ നിത്യനിദാന ചെലവും ബോര്‍ഡിലെ ഏഴായിരത്തോളം ജീവനക്കാരുടെ ശമ്പളവും നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

‘ശബരിമലയില്‍ കാണിക്കയിടാതെ വരുമാനം നിലച്ചാല്‍ ബാക്കിയുള്ള ആയിരത്തിലധികം ക്ഷേത്രങ്ങള്‍ പ്രതിസന്ധിയിലാകും. അപ്പോള്‍ ക്ഷേത്രങ്ങള്‍ കുഴപ്പത്തിലായി എന്ന് നിലവിളിച്ച് വര്‍ഗ്ഗീയവികാരം ആളിക്കത്തിക്കാം. അതുകൊണ്ട് തന്നെ ശബരിമലയില്‍ കാണിക്കയിടണ്ട എന്ന സംഘപരിവാര്‍ നിര്‍ദേശം നിഗൂഢമായ മറ്റൊരു വര്‍ഗ്ഗീയ അജണ്ടയാണ്. വിശ്വാസ സംരക്ഷണത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ഈ കള്ളക്കളി അയ്യപ്പഭക്തര്‍ തിരിച്ചറിയുക തന്നെ ചെയ്യും.’ വിഡി സതീശന്‍ പറയുന്നു.

ദേവസ്വം ബോര്‍ഡ് നിയന്ത്രണങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന് സംഘപരിവാര്‍ പ്രചരണം നടത്തുന്നുണ്ട്. ഒരു ഭക്തനും ദേവസ്വത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു ക്ഷേത്രത്തിലും കാണിക്ക ഇടരുതെന്ന് ബിജെപി നിര്‍ദേശം നല്‍കിയതായി ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ക്ഷേത്രങ്ങളില്‍ നടവരവ് കുറയ്ക്കുകയെന്നതാണ് ബിജെപി പ്രഖ്യാപിത ലക്ഷ്യമെന്നാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനത്തെ ഇത് വലിയ തോതില്‍ ബാധിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേ ദേവസ്വം ബോര്‍ഡ് വില്‍ക്കുന്ന അപ്പവും അരവണയും വാങ്ങരുതെന്നും സംഘപരിവാര്‍ പ്രചരണം നടത്തിയിരുന്നു. പന്തളം കൊട്ടാരത്തിനു സമീപം അപ്പവും അരവണയും വില്‍ക്കുന്ന കൗണ്ടറുണ്ടെന്നും ദേവസ്വം ബോര്‍ഡുമായി ഇതിന് ബന്ധമില്ലെന്നും ഭക്തര്‍ക്ക് ഇവിടെ നിന്നും അപ്പവും അരവണയും വാങ്ങാമെന്നുമായിരുന്നു പ്രചരണം.

Exit mobile version