മുഖ്യമന്ത്രി സാലറി ചാലഞ്ച് വെച്ചപ്പോള്‍ കണ്ണൂര്‍ കിഴക്കാനി ഗ്രാമം വെച്ചത് പെന്‍ഷന്‍ ചാലഞ്ച്; സ്വരൂപീച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി, ഉത്തരവ് കത്തിക്കുന്നവരും കാണണം ഈ മാതൃക

കണ്ണൂര്‍: കൊവിഡ് 19 എന്ന മാഹാമാരി തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സാലറി ചാലഞ്ചുമായി മുഖ്യമന്ത്രി വന്നപ്പോള്‍ കണ്ണൂര്‍ കിഴക്കാനി ഗ്രാമം വെച്ചത് പെന്‍ഷന്‍ ചാലഞ്ച് ആണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍ ചലഞ്ചിലൂടെ ഇരുപതിനായിരം രൂപയാണ് സ്വരൂപീച്ചത്. ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുകയും ചെയ്തു. ടിവി രാജേഷ് എംഎല്‍എയാണ് തുക ഏറ്റുവാങ്ങിയത്.

കൊവിഡിനെ പ്രതിരോധിക്കുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ നാടൊന്നാകെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമ്പോഴാണ് കിഴക്കാനി ഗ്രാമം വ്യത്യസ്തമായ ഫണ്ട് ശേഖരണം നടത്തി മാതൃകയായത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഴക്കാനിയിലെ ഓരോ വീട്ടിലെയും ഒരംഗത്തെ ഉള്‍പ്പെടുത്തി കിഴക്കാനി ഗ്രാമം എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. അവശ്യസാധനങ്ങളും മരുന്നും ഈ ഗ്രൂപ്പിലൂടെ അറിയിച്ചാല്‍ എത്തിച്ച് നല്‍കും. ലോക്ക്ഡൗണ്‍ കാലത്ത് ഗ്രാമത്തിലെ ഏത് കുടുംബത്തിനും എന്ത് ആവശ്യത്തിനും ഗ്രൂപ്പ് സഹായകരമായിരുന്നു.

സിപിഐ എം ബ്രാഞ്ച് സെക്രട്ടറി എന്‍ ഷിബു ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനെ കുറിച്ച് ഗ്രൂപ്പില്‍ അറിയിച്ചത്. ആദ്യം കുറച്ച് പേര്‍ തങ്ങള്‍ക്ക് കിട്ടിയ പെന്‍ഷന്‍ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. പിന്നീട് ഇതൊരു ചാലഞ്ചായി ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു. ഗ്രാമത്തിലെ എല്ലാ പെന്‍ഷനേഴ്‌സും അവരുടെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ആറ് ദിവസത്തെ ശമ്പളം പിടിച്ചുകൊണ്ടാണ് സാലറി ചാലഞ്ച് ഇത്തവണ സര്‍ക്കാര്‍ മുന്‍പോട്ട് വെച്ചത്. എന്നാല്‍ ഈ ഉത്തരവ് കത്തിച്ച് നിരവധി അധ്യാപകര്‍ രംഗത്ത് വന്നിരുന്നു. ഇവര്‍ക്കെല്ലാം മാതൃകയാണ് ഈ പെന്‍ഷന്‍ ചാലഞ്ച്.

ഇട്ടമ്മല്‍ സാവിത്രി, ടി നാരായണി, ടി അജിത, ടി ചന്ദ്രിക, പി കല്ല്യാണി, പി പാറു, സി കുഞ്ഞിരാമന്‍, എംവി നാരായണി, പി വി ദാമോദരന്‍, ടിടി കമലാക്ഷി, ഇവി ഗോപാലന്‍, എം ഭാനുമതി, എന്‍ നാരായണി, മഞ്ഞാച്ചേരി തമ്പായി, കെപി ജാനകി, ടിപി ഗോവിന്ദന്‍ എന്നിവരാണ് പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ഡിവൈഎഫ്‌ഐ കിഴക്കാനി യൂണിറ്റിന്റെ മാസ്‌ക് വിതരണവും എംഎല്‍എ ഉദ്ഘാടനം ചെയ്തു. നേരത്തെ യൂണിറ്റിലെ എല്ലാ വീടുകളിലേക്കും പച്ചക്കറിയും ഡിവൈഎഫ്‌ഐ വിതരണം ചെയ്തിരുന്നു. സിപിഎം കുഞ്ഞിമംഗലം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എ വിജയന്‍, പഞ്ചായത്തംഗം യു ഭാസ്‌കരന്‍, ബ്രാഞ്ച് സെക്രട്ടറി എന്‍ ഷിബു, സി രാഗേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version