കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ഭക്ഷണം, വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും; മാതൃകയായി പ്രണവും അനുപമയും, കൈയ്യടി

തിരുവനന്തപുരം: നന്മനിറഞ്ഞ പ്രവര്‍ത്തിയിലൂടെ പുതുജീവിതത്തിലേയ്ക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് അനുപമയും പ്രണവും. കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ഭക്ഷണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നല്‍കിയാണ് ഇവര്‍ രംഗത്തെത്തിയത്.

ഇന്ന് രാവിലെ 9നും 9.30ക്കും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു ഇരുവരുടെയും വിവാഹം. തിരുവനന്തപുരം കോട്ടൂര്‍ സ്വദേശിയായ പ്രണവിന്റെ വീട്ടില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരുവരുടെയും മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതിഥികളും വധൂവരന്മാരും മാസ്‌കുകള്‍ ധരിച്ചായിരുന്നു എത്തിയത്.

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണില്‍ 150 പേര്‍ക്കാണ് ഇവര്‍ ഭക്ഷണം നല്‍കിയത്. ഒപ്പം വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കുകയായിരുന്നു. ഇടവാച്ചല്‍ സ്വദേശികളായ അനില്‍ കുമാര്‍- പ്രീത ദമ്പതികളുടെ മകളാണ് അനുപമ. കോട്ടൂരിലെ വാഴപ്പള്ളിയിലെ പ്രണവം വീട്ടില്‍ പുഷ്പചന്ദ്രന്‍ നായരുടെയും ശ്രീദേവിയുടെയും മകനാണ് പ്രണവ്. ആര്‍ഭാടങ്ങള്‍ ഇല്ലാതെയും ചെലവ് ചുരുക്കിയുമായിരുന്നു വിവാഹം.

Exit mobile version