സാലറി ചലഞ്ചിനെ വിമര്‍ശിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ്; പോലീസുകാരന് സസ്‌പെന്‍ഷന്‍

കാസര്‍കോട്: സാലറി ചലഞ്ചിനെ വിമര്‍ശിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍. കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ് തമ്പിലത്തിനെതിരെയാണ് നടപടി. പണിയെടുത്താല്‍ കൂലി കൊടുക്കണമെന്നായിരുന്നു ഇയാളുടെ വാട്‌സാപ്പ് സ്റ്റാറ്റസ്.

കാസര്‍കോട് എസ്പിയാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം വരെ മാറ്റിവെയ്ക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെയാണ് പോലീസ് ഉദ്യോഗസ്ഥന്റെ വിമര്‍ശനം.

അതേസമയം സാലറി ചാലഞ്ചിനെതിരെ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകരെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കുരുന്നുകളുടെ മനസ്സിന്റെ വലിപ്പം പോലും ഉത്തരവ് കത്തിച്ച അധ്യാപകര്ക്ക് ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവ് കത്തിച്ചതിലൂടെ മോശം പ്രകടനമാണ് അവര് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version