വൃക്ക രോഗം ഉള്‍പ്പടെ നിരവധി അസുഖങ്ങള്‍; പോരാടി രോഗമുക്തി നേടി 84 കാരനായ കണ്ണൂര്‍ സ്വദേശി, അഭിനന്ദനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച കൊവിഡ് 19 രോഗമുക്തി നേടിയവരില്‍ 84 വയസുകാരനും. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി മൂര്യാട് അബൂബക്കറാണ് വൈറസ് നിന്നും മുക്തി നേടിയത്. വൃക്ക രോഗമടക്കം മറ്റു ഗുരുതര രോഗങ്ങളുണ്ടായിരുന്ന അബൂബക്കറിനെ രക്ഷിക്കാനായത് നേട്ടം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

കൊവിഡ് 19 ബാധിച്ച 60 വയസ്സിന് മുകളിലുള്ളവരെ ഹൈ റിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൃക്ക രോഗമടക്കം ഉണ്ടായിരുന്ന അബൂബക്കര്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ പത്തനംതിട്ട സ്വദേശികളായ വയോധിക ദമ്പതികളും രോഗമുക്തി നേടി ആശുപത്രിവിട്ടത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. പത്തനംതിട്ടയിലെ തോമസ്(93) മറിയാമ്മ(88) എന്നിവരാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ മികച്ച ചികിത്സയെ തുടര്‍ന്ന് രോഗമുക്തി നേടിയത്. പ്രായമേറിയവര്‍ രോഗമുക്തി നേടുന്നതില്‍ സംസ്ഥാനത്തിന് അഭിനന്ദനങ്ങളും നേരുന്നുണ്ട്.

Exit mobile version