വരും ദിവസങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി പുനഃരാരംഭിക്കാം; പ്രവര്‍ത്തനം അഞ്ച് പേരടങ്ങുന്ന ടീമായി മാത്രം, 60 വയസിന് മുകളിലുള്ളവര്‍ മാറി നില്‍ക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: വരുംദിവസങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകനത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചു പേരടങ്ങുന്ന ടീമായി പ്രവര്‍ത്തിക്കാമെന്നും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ പണിക്കിറങ്ങുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

നേരത്തേ നിര്‍ദ്ദേശിച്ചിരുന്നത് പോലെതന്നെ അഞ്ചു പേരടങ്ങുന്ന ടീം എന്ന നിലയ്ക്ക് വര്‍ക്ക് സൈറ്റില്‍ പ്രവര്‍ത്തിക്കാം. എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ജോലിക്കിറങ്ങുന്നത് എന്ന് ഉറപ്പാക്കണം.അറുപത് വയസിനു മുകളിലുള്ളവരാണ് കൊവിഡ് 19 വൈറസ് ബാധയ്ക്ക് വേഗത്തില്‍ ഇരയാകുന്നത് എന്നത് കണക്കിലെടുത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ അറുപത് വയസിനു മുകളില്‍ പ്രായമുള്ളവര്‍ മെയ് മൂന്നു വരെ മാറിനില്‍ക്കുന്നതാണ് നല്ലത്.

തൊഴിലിനിറങ്ങുന്നവര്‍ക്ക് മാസ്‌കുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുമെന്നും ഇല്ലാത്തപക്ഷം കൂടൂതല്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇവ കൃത്യമായി വിതരണം ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്.

Exit mobile version