കൊവിഡ് 19 വ്യാപനവും ലോക്ക് ഡൗണും; ലളിതമായി വിവാഹചടങ്ങ്, സദ്യയൊരുക്കിയത് പോലീസ് ഉദ്യോഗസ്ഥര്‍ക്കും, വ്യത്യസ്തം വര്‍ക്കലയിലെ ഈ മംഗല്യം

തിരുവനന്തപുരം: കൊവിഡ് വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിലും നിരവധി വിവാഹങ്ങളാണ് പ്രതിസന്ധിയില്‍പ്പെട്ടു പോയത്. ലളിതമായും ഓണ്‍ലൈനായി വിവാഹം നടത്തിയവരും നമുക്ക് ഇടയില്‍ ഉണ്ട്. ഇപ്പോള്‍ വിവാഹനാളില്‍ വര്‍ക്കല പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്ക് സദ്യയൊരുക്കിയിരിക്കുകയാണ് നവവധുവും വരനും.

വര്‍ക്കല ന്യൂ സ്റ്റുഡിയോ ഉടമയായ വിജയ പ്രകാശന്‍ പിള്ളയുടെ മകള്‍ അര്യയും വര്‍ക്കല വാച്ചര്‍മുക്ക് ഉദയത്തില്‍ ഉദയന്റെ മകന്‍ വിവേകുമാണ് തിങ്കളാഴ്ച വിവാഹിതരായത്. കൊവിഡ് 19മായി ബന്ധപ്പെട്ട കരുതല്‍ നടപടികളുമായി രാപ്പകലില്ലാതെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് സ്റ്റേഷനില്‍ സദ്യ വിളമ്പിക്കൊണ്ടാണ് ഇവര്‍ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

നവദമ്പതിമാര്‍ക്ക് ആശംസ നേര്‍ന്നുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഒരുക്കിയ കേക്ക് മുറിച്ച് മധുരം കഴിച്ച ശേഷമാണ് അവര്‍ മടങ്ങിയത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വര്‍ക്കല ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ലളിതമായാണ് വിവാഹ ചടങ്ങുകളും നടത്തിയത്.

Exit mobile version