സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്തില്ല; നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 ന് ആരംഭിക്കാമെന്ന നിര്‍ദേശത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. പരീക്ഷാ തീയതി അതതു സര്‍വകലാശാലകള്‍ക്ക് തീരുമാനിക്കാമെന്നാണ് പുതിയ ഉത്തരവ്.

മെയ് 11 മുതല്‍ പരീക്ഷ നടത്താനുള്ള നിര്‍ദേശം സര്‍ക്കാര്‍ ഉത്തരവായി നേരത്തെ പുറത്തിറങ്ങിയിരുന്നു. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുമായി ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി കെടി. ജലീല്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് പിന്നാലെയാണ് തീരുമാനം എടുത്തത്.

എന്നാല്‍ ഈ ഉത്തരവില്‍ പല അസൗകര്യങ്ങളുമുണ്ടെന്ന് വ്യാപക പരാതികള്‍ ഉയരുകയായിരുന്നു. വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തേണ്ട വിദ്യാര്‍ത്ഥികളുണ്ട്. ട്രെയിന്‍ സൗകര്യവും ശരിയാകേണ്ടതുണ്ട്. അതിനാല്‍ പരീക്ഷകള്‍ മെയ് 11ന് ആരംഭിക്കുന്നതിന് പ്രയാസമുണ്ടെന്നായിരുന്നു പരാതി. ഈ പശ്ചാത്തലത്തിലാണ് മുന്‍ ഉത്തരവ് തിരുത്തിക്കൊണ്ട് പുതിയ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്.

അതെസമയം കൊവിഡ് ഭീതി നിലനിന്ന പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മെയ് 10ന് ശേഷം നടത്താന്‍ ആലോചനയുണ്ട്. ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിച്ചാല്‍ പത്ത് ദിവസത്തിനുള്ളില്‍ പരീക്ഷ നടത്തുന്ന കാര്യമാണ് പരിഗണനയിലുള്ളത്.

നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. എസ്എസ്എല്‍സി പരീക്ഷ രാവിലെയും പ്ലസ്റ്റു പരീക്ഷ ഉച്ചകഴിഞ്ഞും നടത്താനാണ് ആലോചിക്കുന്നത്. പ്ലസ് വണ്‍ പരീക്ഷകള്‍ ഇതിന് ശേഷവും നടത്താനുമാണ് ആലോചന. ഗള്‍ഫിലും ലക്ഷദ്വീപിലും പരീക്ഷാ സെന്ററുകള്‍ ഉണ്ട്. ഇവിടങ്ങളിലെ ലോക്ക്ഡൗണ്‍ കാലാവധിയെ അടിസ്ഥാനമാക്കിയാകും തീരുമാനമെടുക്കുക.

Exit mobile version