ഏഴ് പേരുടെ ജീവിതത്തിലൂടെ സികെ മജീദ് ഇനിയും ജീവിക്കും; വിങ്ങിപ്പൊട്ടി സമ്മതപത്രത്തില്‍ ഒപ്പിട്ട് മകന്‍ മന്‍സൂറും, ഉള്ളംപ്പൊള്ളിക്കും ഈ കാഴ്ച

കൊടുങ്ങല്ലൂര്‍: പൊട്ടികരഞ്ഞുകൊണ്ടാണ് മകന്‍ മന്‍സൂര്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ടത്. ജീവന്‍ നഷ്ടമായെങ്കിലും രണ്ടു കുട്ടികളുടെ ഹൃദയമിടിപ്പായി, രണ്ടു പേരുടെ കാഴ്ചയായി, 3 പേരുടെ ജീവന്റെ നാഡിയായി അങ്ങനെ ഏഴു മനുഷ്യരിലൂടെ സഖാവ് സികെ മജീദ് ഇനിയും ജീവിക്കും.

മത്സ്യത്തൊഴിലാളി യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയും മത്സ്യ ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സികെ മജീദ് ഇന്നാണ് മരണപ്പെട്ടത്. ഏപ്രില്‍ 16ന് ഫിഷറീസ് വകുപ്പ് മന്ത്രിയുമായി നടന്ന പ്രധാനപ്പെട്ട ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനുവേണ്ടി തിരുവനന്തപുരത്ത് എത്തുകയും മീറ്റിംഗ് കഴിഞ്ഞ് തിരികെ പോകുന്ന വഴി തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് ഉണ്ടായ വാഹനാപകടമാണ് സികെ മജീദിന്റെ ജീവന്‍ എടുത്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു.

സാധാരണ ഒരു മത്സ്യത്തൊഴിലാളിയായ മജീദ് മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡിലെ മികച്ച അംഗമായിരുന്നു. തൊഴിലാളികളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും വളരെ കൃത്യതയോടെ അവതരിപ്പിക്കുകയും, മത്സ്യഫെഡിനെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുവാന്‍ ഇടയാക്കുന്ന സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ യുക്തിഭദ്രമായി അവതരിപ്പിച്ചിരുന്ന മജീദിന്റെ വേര്‍പാട് മത്സ്യഫെഡിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും മത്സ്യ തെഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി
പിപി ചിത്തരഞ്ജന്‍ പറയുന്നു.

സാധാരണ ഒരു മത്സ്യത്തൊഴിലാളിയായ മജീദ് വാടകവീട്ടിലാണ് താമസിക്കുന്നത്. തന്റെ സ്വകാര്യ ദുഃഖങ്ങള്‍ എല്ലാം മനസ്സിലൊതുക്കി നിറഞ്ഞ പുഞ്ചിരിയോടെ ഏല്‍പിക്കുന്ന ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചിരുന്ന മജീദ് ഒരു മാതൃക കമ്മ്യൂണിസ്റ്റ് കൂടിയായിരുന്നു. മരണത്തിനും മജീദിനെ കീഴടക്കാന്‍ കഴിയില്ല എന്ന് ആ കുടുംബം തെളിയിച്ചു. പിതാവിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് സമ്മതപത്രത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മകന്‍ മന്‍സൂര്‍ ഒപ്പിട്ടു കൊടുത്തപ്പോഴും ഏഴു പേരുടെ ജീവിതത്തിലൂടെ പിതാവ് മജീദ് ജീവിക്കും എന്നത് ഹൃദയത്തില്‍ ആശ്വാസവും അഭിമാനവും നിറയ്ക്കുന്നതായി. അവയവ ദാനം മഹാദാനം എന്ന് പലആവര്‍ത്തി പറയുമ്പോഴും അതിന് മുതിരുന്നവര്‍ വളരെ ചുരുക്കമാണ്. എന്നാല്‍ ഇപ്പോള്‍ എല്ലാ കെട്ടുകളും പൊട്ടിച്ചാണ് സികെ മജീദിന്റെ അവയവങ്ങള്‍ ദാനം ചെയ്തിരിക്കുന്നത്. കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്ന് അവയവ ദാനത്തിന് തയ്യാറാവുന്ന മൂന്നാമത്തെ വ്യക്തിയാണ് സികെ മജീദ്.

Exit mobile version