കൊവിഡ് 19ഉം ലോക്ക് ഡൗണും; സാമ്പത്തിക ബുദ്ധിമുട്ടില്‍ ചികിത്സയില്ലാതെ വലയുന്ന രോഗികള്‍ക്ക് തൃശ്ശൂര്‍ ദയ ആശുപത്രിയുടെ സഹായ ഹസ്തം; മനംനിറഞ്ഞ് രോഗികളും

തൃശ്ശൂര്‍: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ഭക്ഷണവും അവശ്യ സാധനങ്ങളും കിട്ടാതെ അലയുന്നവര്‍ മാത്രമല്ല, പണമില്ലാതെ ചികിത്സയും ശസ്ത്രക്രിയയും മാറ്റിവെച്ചവരും കുറവല്ല. ലോക്ക് ഡൗണില്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയത് ദിവസവേതനക്കാരാണ്. അന്നന്നത്തെ അന്നം മുട്ടുന്ന ഈ വിഭാഗത്തിന് ചികിത്സിക്കാന്‍ വേണ്ടി പണം കണ്ടെത്തുന്നതും പ്രയാസം തന്നെയാണ്.

ഇതുമൂലം ചികിത്സയും/ശസ്ത്രക്രിയയും മാറ്റിവെയ്ക്കുന്ന, സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തുണയായി രംഗത്ത് വന്നിരിക്കുകയാണ് തൃശ്ശൂരിലെ ദയ ആശുപത്രി. പണം ഇല്ലാത്തതിന്റെ പേരില്‍ ഒരു മനുഷ്യ ജീവനും പൊലിയരുതെന്ന ആശയത്തിലാണ് ആശുപത്രി അധികൃതര്‍ എത്തിയത്. ഇതോടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സഹായം നല്‍കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ആശുപത്രിയില്‍ അസുഖം ബാധിച്ച് ഒരാള്‍ എത്തിയാല്‍ ആ വ്യക്തി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുകയാണെങ്കില്‍ ഡോക്ടര്‍ തന്നെ ഇതിനായി രൂപീകരിച്ച കമ്മിറ്റിയിലേയ്ക്ക് നിര്‍ദേശിക്കുകയാണ് ആദ്യം ചെയ്യുന്നത്. ശേഷം കമ്മിറ്റി ആ വ്യക്തി സഹായത്തിന് അര്‍ഹനാണോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തുകയും പിന്നീട് സഹായത്തിന് അര്‍ഹനാണെന്ന് ബോധ്യപ്പെട്ടാല്‍, മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്യുന്നു. ഇതോടെ മാനേജ്‌മെന്റ് അനുവദിക്കുന്ന സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നതോടെ കൊവിഡ് മൂലവും അല്ലാതെയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് വലിയൊരു കൈത്താങ്ങാവുകയാണ് ദയാ ആശുപത്രി.

രണ്ട് ദിവസം മുന്‍പ് തുടക്കമിട്ട ഈ സഹായ ഹസ്തത്തിലൂടെ ഇതുവരെ 10ഓളം പേര്‍ക്കാണ് ആനുകൂല്യം ലഭ്യമായത്. ലോക്ക് ഡൗണില്‍ പണമില്ലാതെ വലയുന്ന പാവപ്പെട്ടവര്‍ക്ക് വലിയ സഹായമാണ് ഈ നടപടി. ദയ ആശുപത്രിയുടെ ഈ നടപടിയില്‍ അഭിനന്ദനങ്ങളും ആശംസകളും നേരുകയാണ് മലയാളി സമൂഹം. ആശുപത്രിയിലെത്തുന്ന ഓരോ രോഗിയും മനംനിറഞ്ഞാണ് മടങ്ങിപ്പോകുന്നത്. മനസിന് കുളിര്‍മ നല്‍കുന്ന കാഴ്ച കൂടിയാണിത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാവുന്ന നമ്പര്‍; 8304890468, 9745785131 www.dayageneralhospital.com

Exit mobile version