ജീവന്‍ നിലനിര്‍ത്താന്‍ മരുന്ന് വേണമെന്ന് ഫോണ്‍കോള്‍; മരുന്നുമായി എസ്‌ഐ ഓടിയെത്തിയപ്പോള്‍ കണ്‍മുന്‍പില്‍ പഴയ അധ്യാപിക, കണ്ണുകള്‍ നിറഞ്ഞ നിമിഷം

ആലപ്പുഴ: വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞ് ഒരു ജോലിയില്‍ പ്രവേശിച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പ്രിയ അധ്യാപകരെ കാണുന്നത് മനസിന് കുളിര്‍മ നല്‍കുന്ന നിമിഷമാണ്. ആ നിമിഷത്തിലൂടെ കടന്നു പോവുകയാണ് എസ്‌ഐ ടോള്‍സണ്‍ ജോസഫ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ അത്യാവശ്യ മരുന്ന് എത്തിക്കണമെന്ന ഫോണ്‍കോളിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐ ടോള്‍സണ്‍ എത്തിയത്.

എന്നാല്‍ കണ്ടത്, തന്റെ പഴയ പ്രിയ അധ്യാപികയായ ഹംസകുമാരിയെയാണ്. മരുന്ന് നല്‍കാന്‍ എത്തിയതും ഹംസകുമാരിയെ കണ്ണിമചിമ്മാതെ നോക്കി നിന്നു. ആകാംക്ഷയോടെ നില്‍ക്കുന്ന അവര്‍ക്കുമുന്നില്‍ എസ്‌ഐ മുഖാവരണം മാറ്റി വിളിച്ചു, ‘ടീച്ചറേ…’. ‘എടാ ടോള്‍സാ…’ ഹംസകുമാരി തിരിച്ചുവിളിച്ചു. ഒന്നുമറിയാതെ പകച്ച് നില്‍ക്കുകയായിരുന്നു ഹംസകുമാരിയുടെ ഭര്‍ത്താവ് ഗോപിനാഥന്‍ നായര്‍. ശേഷം കുമാരി പറഞ്ഞു. ഇവന്‍ എന്റെ പ്രിയ ശിഷ്യനാ… അമ്പരപ്പുകള്‍ക്കിടയില്‍ ടോള്‍സണും ഗോപിനാഥനോടു പറഞ്ഞു- ”ഈ ടീച്ചറില്ലായിരുന്നെങ്കില്‍ എന്നെ ഈ നിലയില്‍ കാണാന്‍ പറ്റില്ലായിരുന്നു സാറേ…” ഇരുവരുടെയും കണ്ണുകളും നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്.

ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമരുന്ന് വേണമെന്ന് പോലീസില്‍ വിളിച്ചുപറഞ്ഞപ്പോഴാണ് എസ്‌ഐയും സംഘവും മരുന്നുമായി എത്തിയത്. രണ്ടുനേരം കഴിക്കുന്ന വിലയേറിയ മരുന്നാണ് ടീച്ചറുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ലോക്ഡൗണില്‍ മരുന്നു കിട്ടാതായി. സഹായത്തിനായി ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു. മരുന്നിന്റെ പേരും എത്തിക്കേണ്ട വീടിന്റെ മേല്‍വിലാസവും നല്‍കി. പോലീസ് ഇടപെട്ട് തിരുവനന്തപുരത്തുനിന്ന് മരുന്നെത്തിച്ചു. ആവശ്യക്കാരിക്ക് എത്തിച്ചുകൊടുക്കാന്‍ തോണ്ടന്‍കുളങ്ങര ‘സരോവര’ത്തിനുമുന്നില്‍ നോര്‍ത്ത് എസ്‌ഐ എത്തിയപ്പോഴാണ് തന്റെ പ്രിയപ്പെട്ട അധ്യാപികയെ ഒരിക്കല്‍ കൂടി കാണാന്‍ സാധിച്ചത്.

കാട്ടൂര്‍ ഹോളിഫാമിലി സ്‌കൂളിലെ കായികാധ്യാപികയായിരുന്നു ഹംസകുമാരി. വിരമിച്ചിട്ട് അഞ്ചുവര്‍ഷമായി. 21 വര്‍ഷം മുമ്പാണ് എസ്‌ഐ ടോള്‍സണ്‍ ജോസഫ് അവിടെ പഠിച്ചത്. ഓട്ടത്തിലും ചാട്ടത്തിലും മിടുക്കനായിരുന്ന ടോള്‍സണ്‍ ടീച്ചറുടെ പ്രിയ ശിഷ്യനായി മാറി. സ്‌കൂള്‍ കായിക വേദികളിലെല്ലാം ടോള്‍സണെ കൊണ്ടുപോയിരുന്നത് ഹംസകുമാരിയാണ്. മക്കളില്ലാത്ത എനിക്ക് ശിഷ്യരാണ് മക്കള്‍. ഈ കോവിഡ് കാലത്തെ ഒറ്റപ്പെടലിലും അവരെത്തിയില്ലേയെന്ന് ഹംസകുമാരി പറയുന്നു.

Exit mobile version