മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാളെ ചരിത്ര താളുകളില്‍ രേഖപ്പെടുത്തും; ദുരിതാശ്വാസ നിധിയിലേയ്ക്ക് 50 ലക്ഷം നല്‍കി മോഹന്‍ലാല്‍

കൊച്ചി; സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസില്‍ നിന്നും മുക്തമാകുവാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാരിന് സഹായം പ്രഖ്യാപിച്ച് നടന്‍ മോഹന്‍ലാല്‍. 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തു. വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈകൊള്ളുന്ന പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സംഭാവന പ്രഖ്യാപിച്ചത്.

ഈ പകര്‍ച്ചവ്യാധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ചരിത്ര താളുകളില്‍ രേഖപ്പെടുത്തുമെന്ന് താരം കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19 ല്‍ നിന്ന് കരകയറാന്‍ സംസ്ഥാന സര്‍ക്കാര്‍ സാലറി ചാലഞ്ച് തുടങ്ങിയ വഴികള്‍ തേടിയിരുന്നു.

ഇതിനു പുറമെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വന്‍ തുകകളും സംഭാവന ചെയ്ത് പല പ്രമുഖരും രംഗത്തെത്തിയിരുന്നു. പ്രമുഖ വ്യവസായിയായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും കോടികള്‍ വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് നടന്‍ മോഹന്‍ലാലും 50 ലക്ഷം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്.

Exit mobile version