കൈയ്യടിക്കുന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്ക്, ചേര്‍ത്തുപിടിക്കുന്നു ഈ സര്‍ക്കാരിനെ; കൊവിഡ് ചികിത്സയിലും കേരളം നമ്പര്‍ വണ്‍

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

മനോഹരം ഈ കാഴ്ച,അഭിമാനവും ആത്മവിശ്വാസവും ഉള്ളാകെ നിറയുന്നു.. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും കൊവിഡ് ബാധിച്ച രോഗി അസുഖം ഭേദമായി വീട്ടിലേക്ക് പോവുന്ന കാഴ്ചയാണിത്.മലപ്പുറം ജില്ലയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച വാണിയമ്പലം സ്വാദേശിയാണിത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് ഇവര്‍ രോഗമുക്തയായത്. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ഇവര്‍ക്ക് മാര്‍ച്ച് 16 നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം നടത്തിയ ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.

എല്ലാ ജില്ലകളിലും ഇതുപോലുള്ള കാഴ്ചകള്‍ കാണാം. കാസര്‍ഗോഡ് ഹര്‍ഷാരവത്തോടെയാണ് അസുഖം മാറിയയാളെ മറ്റു രോഗികള്‍ യാത്രയാക്കിയത്. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ റാന്നിയിലെ കൊവിഡ് ബാധിതര്‍ അസുഖം ഭേദപ്പെട്ട് വീട്ടിലെത്തിയതും നമ്മുടെ നാട്ടില്‍തന്നെ. അതും അഞ്ചുതവണ നടത്തിയ പരിശോധനയില്‍ പോസറ്റീവെന്ന് കണ്ടെത്തിയ രോഗി. കൊവിഡ് ബാധിതനായ ബ്രിട്ടീഷ് പൗരന്‍ അസുഖവും മാറി സ്വന്തം രാജ്യത്തെത്തി നന്ദി പറഞ്ഞപ്പോള്‍ നമ്മുടെ നാട് ഈ ലോകത്തോളം വലുതായി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 രോഗം ഭേദമായത് കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ട്. മരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണെന്ന് കണക്കുകള്‍ പറയുന്നു. മാര്‍ച്ച് 9 മുതല്‍ 20 വരെ സംസ്ഥാനത്ത് ആദ്യം രോഗം സ്ഥിരീകരിച്ച 25 പേരില്‍ 84ശതമാനം പേരും രോഗമുക്തരായി. സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത് 314 പേര്‍ക്കാണ്. 17 ശതമാനമാണ് റിക്കവറി റേറ്റ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധമായ കണക്കുകള്‍ പുറത്തുവിട്ടത്. കേരളം നമ്പര്‍ വണ്‍ അല്ലേ.. ശരിക്കും കേരളം ലോകത്തിന് മാതൃകയാണ്. കൈയ്യടിക്കുന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്ക്, ചേര്‍ത്തുപിടിക്കുന്നു ഈ സര്‍ക്കാറിനെ

Exit mobile version